മഞ്ചേരി: ഐ ലീഗിൽ സ്വന്തം ഗ്രൗണ്ടിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ഗോകുലം കേരള. മണിപ്പൂർ ക്ലബായ ട്രാവു എഫ്.സി 2 -1നാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ രണ്ട് ഗോളടിച്ച് ട്രാവു മത്സരം വരുതിയിലാക്കി. 57, 78 മിനിറ്റുകളിലാണ് ഗോകുലത്തിന്റെ വല കുലുങ്ങിയത്. 86ാം മിനിറ്റിൽ ഗോകുലം ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല. ആദ്യപകുതിയിൽ ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ഗോളാവാതെപോയത് ആതിഥേയർക്ക് തിരിച്ചടിയായി. ജയത്തോടെ 19 പോയന്റുയി ട്രാവു മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. മൂന്നാം തോൽവി ഏറ്റുവാങ്ങി ഗോകുലം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആദ്യ മിനിറ്റിൽതന്നെ ഗോകുലത്തിന്റെ ആക്രമണമാണ് കണ്ടത്. വലതു വിങ്ങിലൂടെ പന്തുമായി കുതിച്ച ക്യാപ്റ്റൻ നൗഫൽ സഹതാരം അബ്ദുൽ ഹക്കുവിന് പാസ് നൽകി. ഹക്കുവിന്റെ നിലംപറ്റിയുള്ള ക്രോസ് സഹതാരങ്ങൾക്ക് ലഭിക്കുംമുമ്പേ ട്രാവു ഗോൾകീപ്പർ കൈയിലൊതുക്കി. തൊട്ടുപിന്നാലെ ട്രാവു എഫ്.സി ഗോകുലത്തിന്റെ ബോക്സിലേക്ക് പന്തുമായി എത്തിയെങ്കിലും മുൻ ചാമ്പ്യന്മാരുടെ പ്രതിരോധം ഭേദിക്കാനായില്ല. തൊട്ടടുത്ത മിനിറ്റിൽ ട്രാവു മുന്നേറ്റ താരം നാന പോകു പോസ്റ്റിലേക്ക് പന്ത് തൊടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല.
ഏഴാം മിനിറ്റിൽ ഗോകുലം മുന്നേറ്റ താരം ശ്രീക്കുട്ടന് തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനാവാതെ പോയത് തിരിച്ചടിയായി. 15ാം മിനിറ്റിൽ ഗോകുലത്തിന് ലഭിച്ച ആദ്യ കോർണർ കിക്ക് ട്രാവു താരം ക്ലിയർ ചെയ്തെങ്കിലും രാഹുൽ രാജിന് ലഭിച്ച പന്ത് ബോക്സിലേക്ക് ക്രോസ് നൽകി. എവർട്ടൺ പെരേര ബൈസിക്കിൾ കിക്കിലൂടെ വലയിലേക്ക് തൊടുത്തെങ്കിലും ഗോൾബാറിന് തൊട്ടുരുമ്മി പോയി. 28ാം മിനിറ്റിൽ വലത് ഭാഗത്തുനിന്ന് പത്താം നമ്പർ താരം എവർട്ടൺ പെരേര മറിച്ചുനൽകിയ പന്ത് അഫ്ഗാൻ താരം ഫർഷാദ് നൂർ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ഗോൾകീപ്പർ ബിശ്വർജിത് സിങ് കൈപ്പിടിയിലൊതുക്കി. 35ാം മിനിറ്റിൽ നൗഫലിന് ലഭിച്ച തുറന്ന അവസരം നിർഭാഗ്യംകൊണ്ട് പുറത്തുപോയി. സഹതാരം നൽകിയ ത്രൂ പാസ് സ്വീകരിച്ച നൗഫൽ ഗോളിയെ മറികടന്ന് പോസ്റ്റിലേക്ക് ചിപ്പ് ചെയ്തെങ്കിലും ഗോളായില്ല. ആദ്യ പകുതിയിൽ ഗോകുലത്തിന്റെ മുന്നേറ്റത്തെ പിടിച്ചുകെട്ടിയ ട്രാവു എഫ്.സി രണ്ടാം പകുതിയിൽ കളി മാറ്റി മത്സരം പിടിച്ചു.
ആദ്യ പകുതിയിൽ ഗോകുലത്തിന്റെ മുന്നേറ്റമാണ് കണ്ടതെങ്കിൽ രണ്ടാം പകുതിയിൽ ട്രാവു തന്ത്രം മാറ്റി. നിരന്തരം ആക്രമണം അഴിച്ചുവിട്ടു. 57ാം മിനിറ്റിൽ ഇതിന് ഫലവും കണ്ടു. ഇടതുഭാഗത്തുനിന്ന് ലഭിച്ച കോർണർ കിക്ക് പത്താം നമ്പർ താരം കോമറോൺ ടർസനോവ് ബോക്സിലേക്ക് തൊടുത്തുവിട്ടു. മാർക്ക് ചെയ്യാതെ നിന്ന പ്രോട്ടിം ഗൊഗോയ് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഹെഡ് ചെയ്തതോടെ ഗോകുലത്തിന്റെ വലകുലുങ്ങി. ഗോൾ വഴങ്ങിയതോടെ 61ാം മിനിറ്റിൽ ക്യാപ്റ്റൻ നൗഫലിനെയും മുന്നേറ്റ താരം ശ്രീക്കുട്ടനെയും പിൻവിലിച്ച് താഹിർ സമാനെയും സൗരവിനെയും ഇറക്കി. 71 ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് റീ ബൗണ്ട് ലഭിച്ച പന്ത് അബ്ദുൽ ഹക്കു പോസ്റ്റിലേക്ക് ഉന്നംവെച്ചെങ്കിലും ഫോമിലുള്ള ട്രാവു കീപ്പറെ മറികടക്കാനായില്ല. ഇതിനിടെ 78ാം മിനിറ്റിൽ രണ്ടാം ഗോളടിച്ച് ട്രാവു എഫ്.സി മത്സരം സ്വന്തം വരുതിയിലാക്കി. വലതുഭാഗത്തുനിന്ന് ലഭിച്ച ത്രൂ പാസ് സ്വീകരിച്ച സലാം ജോൺസൺ സിങ് കീപ്പറെ മറികടന്ന് പോസ്റ്റിലേക്ക് തട്ടിവിട്ടു. ഉണർന്ന ഗോകുലം 87ാം മിനിറ്റിൽ തിരിച്ചടിച്ചു. ട്രാവു താരം സാന്റെ കീപ്പർക്ക് നൽകിയ മൈനസ് പിടിച്ചെടുത്ത ഷിജിൻ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ഗോൾകീപ്പറുടെ ദേഹത്ത് തട്ടി പന്ത് താഹിർ സമാന്റെ ബൂട്ടിലേക്ക്. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിവിടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധികസമയത്ത് ലഭിച്ച അവസരവും പാഴാക്കിയതോടെ തലകുനിച്ച് ഗോകുലം മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.