‘ആ ആലിംഗനം ജീവനുള്ള കാലത്തോളം മനസ്സിൽ മായാതെ കൊണ്ടുനടക്കും’ -ലോകകപ്പ് നേടിയതിനുപിന്നാലെ മെസ്സിക്കൊപ്പമുള്ള ​നിമിഷങ്ങളെക്കുറിച്ച് സഹതാരം

ബ്വേനസ് എയ്റിസ്: ഗോൺസാലോ മോണ്ടിയലിന്റെ ആ പെനാൽറ്റി കിക്ക് ഹ്യൂഗോ ലോറിസിന്റെ കൈകൾക്ക് പിടികൊടുക്കാതെ വലക്കണ്ണികളെ സ്പർശിക്കുമ്പോൾ അർജന്റീന ടീം ലോകം കീഴടക്കിയ സന്തോഷത്തിൽ ആരവങ്ങൾക്കും ആഘോഷങ്ങൾക്കും നടുവിലായിരുന്നു. ഐതിഹാസിക പടയോട്ടത്തിന് ചുക്കാൻ പിടിച്ച മഹാപ്രതിഭ ലയണൽ മെസ്സി ദൈവത്തിന് നന്ദിപറഞ്ഞ് മൈതാനത്തിന്റെ ഒരു കോണിൽ മുട്ടുകുത്തിനിന്നു. അവിടേക്ക് ആദ്യം ഓടിയെത്തിയ സഹതാരം മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡെസായിരുന്നു. കിരീട നേട്ടത്തിന്റെ ആവേശത്തിൽ ഇതിഹാസതാരത്തെ ആദ്യം ആ​ശ്ലേഷിച്ച സഹതാരം താനാണെന്ന് അഭിമാനത്തോടെ പരേഡെസ് ഓർമിക്കുന്നു.

‘നമ്മൾ ലോക ചാമ്പ്യന്മാരായിരിക്കുന്നു ലിയോ’ -നായകനൊപ്പം മുട്ടുകുത്തിയിരുന്ന് പരേഡെസ് ആർത്തുവിളിച്ചു. അപ്പോൾ നന്ദി, നന്ദി, ഞാൻ നിന്നെ ഏറെ സ്നേഹിക്കുന്നു’ എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടിയെന്നും ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അർജന്റീനാ താരം പറഞ്ഞു.

‘ആ ആലിംഗനം ഞാനെന്റെ ജീവനുള്ള കാലത്തോളം മനസ്സിൽ മായാതെ കൊണ്ടുനടക്കും. ആഘോഷത്തിന്റെ ആദ്യനിമിഷങ്ങളിൽ തിരിഞ്ഞുനോക്കിയപ്പോൾ മുട്ടുകുത്തിയിരിക്കുന്ന ലിയോയെയാണ് കണ്ടത്. ലോക ചാമ്പ്യനെന്ന നിലയിൽ അദ്ദേഹത്തെ ആദ്യം ആ​ലിംഗനം ചെയ്യാൻ ലഭിച്ച അവസരം അവിശ്വസനീയമായി കരുതുന്നു.’ -പരേഡെസ് പറഞ്ഞു.


ഖത്തറിൽ നടന്ന ലോകകപ്പിൽ കിരീടത്തിലേക്ക് അർജന്റീനയുടേത് അവിസ്മരണീയ കുതിപ്പായിരുന്നു. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിന്റെ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജർമനിയോട് തോറ്റ് കിരീടം നഷ്ടമായ മെസ്സിയും കൂട്ടരും ഖത്തറി​ലെത്തിയത് കിരീടനേട്ടമെന്ന മഹത്തായ ലക്ഷ്യവുമായായിരുന്നു. എന്നാൽ, ആദ്യമത്സരത്തിൽ സൗദി അറേബ്യയോട് അമ്പരപ്പിക്കുന്ന തോൽവി വഴങ്ങി​യതോടെ അർജന്റീനയുടെ നോക്കൗട്ട് പ്രവേശം തന്നെ ത്രിശങ്കുവിലായി. പിന്നീടങ്ങോട്ട്, പക്ഷേ തകർപ്പൻ തിരിച്ചുവരവാണ് മെസ്സിയും സംഘവും നടത്തിയത്. കലാശപ്പോരിൽ നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസിനെ ​ടൈബ്രേക്കറിൽ മുട്ടുകുത്തിച്ച് അർജന്റീന വിശ്വകപ്പിൽ മുത്തമിട്ടപ്പോൾ ഏഴുഗോളുകളുമായി ടീമിനെ മുന്നിൽനിന്നു നയിച്ച മെസ്സിയായിരുന്നു ടൂർണമെന്റിന്റെ താരം.

ഫൈനലിൽ എതിരാളികളുടെ കിക്കുകൾ തടഞ്ഞ് അർജന്റീനാ വിജയത്തിൽ നിർണായക സാന്നിധ്യമായ ഗോളി എമിലിയാനോ മാർട്ടിനെസും ലോകകപ്പ് നേട്ടത്തിനു പിന്നാലെ മെസ്സി തന്നോട് പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയപ്പോൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ‘ഷൂട്ടൗട്ടിന് ശേഷം മെസ്സി എന്റെ അടുത്തേക്ക് വന്ന് എന്നെ ആലിംഗനം ചെയ്തു. എന്നിട്ട് പറഞ്ഞു -‘നീ നമ്മളെ രണ്ടാം തവണയും രക്ഷിച്ചുവെന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല’. ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ അങ്ങനെ പറയുമ്പോൾ, അത് അവിശ്വസനീയ ബഹുമതിയാണ്.

ജയിക്കാനായി ജനിച്ചവനാണ് അദ്ദേഹം. ലോകകപ്പിൽ ഓരോ മത്സരങ്ങൾക്കു മുമ്പും ലിയോ ഞങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു. ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് അദ്ദേഹം പറഞ്ഞത് ഇങ്ങനെ- ‘എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും അങ്ങേയറ്റത്തെ നന്ദിയുണ്ട്’. ടീമിലെ താരങ്ങളെല്ലാവരും അദ്ദേഹത്തിനുവേണ്ടി ആ കലാശക്കളി ജയിക്കണമെന്ന് അത്രയേറെ മനസ്സിലുറപ്പിച്ചിരുന്നു.’ -മാർട്ടിനെസ് വ്യക്തമാക്കി. 

Tags:    
News Summary - I will take that hug for the rest of my life - Argentina star reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.