മുസ്‍ലിം താരങ്ങൾക്ക് കളിക്കിടെ നോമ്പുതുറക്ക് അവസരമൊരുക്കി പ്രിമിയർ ലീഗിൽ ഇഫ്താർ ഇടവേള. എവർടൺ- ടോട്ടൻഹാം മത്സരത്തിനിടെയാണ് റഫറി ഡേവിഡ് കൂട്ടെ ഇഫ്താർ ഇടവേള അനുവദിച്ചത്. ഇംഗ്ലീഷ് ഫുട്ബാളിലെ നാലു ഡിവിഷനുകളിലും നോമ്പുതുറക്ക് അവസരം നൽകണമെന്ന അസോസിയേഷൻ നിർദേശം ആദ്യമായാണ് നടപ്പാക്കുന്നത്. കളിയുടെ ഒന്നാം പകുതി 25 മിനിറ്റ് പിന്നിട്ടയുടനായിരുന്നു റഫറി ഇഫ്താർ ഇടവേളക്ക് വിസിൽ മുഴക്കിയത്.
എവർടൺ നിരയിൽ അബ്ദുലയ് ദുകൂർ, ഇദ്‍രീസ ഗയ്, ആന്ദ്രേ ഒനാന എന്നിവർ നോമ്പെടുത്തവരായിരുന്നു. ഇവരെല്ലാം മൈതാനത്തിനരികെയെത്തി നോമ്പുതുറന്നു. കൂടെയുണ്ടായിരുന്ന മറ്റു താരങ്ങൾക്കും വെള്ളം കുടിക്കാനും മാനേജർമാരുടെ നിർദേശങ്ങൾ കേൾക്കാനും ഇത് അവസരമായി.
മിനിറ്റുകൾ മാത്രം നീണ്ട ഇടവേളക്കു ശേഷം കളി പുനരാരംഭിക്കുകയും ചെയ്തു.
2021 ഏപ്രിലിൽ ലെസ്റ്റർ- ക്രിസ്റ്റൽ പാലസ് മത്സരത്തിനിടെ സമാനമായി മുസ്‍ലിം താരങ്ങൾക്ക് നോമ്പുതുറക്കാനായി കളി നിർത്തിയിരുന്നു. വെസ്‍ലി ഫൊഫാന, ചെയ്കൂ കുയാറ്റെ എന്നിവർക്കു വേണ്ടിയായിരുന്നു അന്ന് ഇഫ്താർ ഇടേവള നൽകിയത്. പ്രിമിയർ ലീഗിൽ മിക്ക ക്ലബുകൾക്കുവേണ്ടിയും നോമ്പെടുത്ത് താരങ്ങൾ കളത്തിലിറങ്ങുന്നുണ്ട്.
അതേ സമയം, ഫ്രഞ്ച് ലീഗിൽ ഇഫ്താർ ഇടവേള നൽകുന്നത് വിലക്കി ഫുട്ബാൾ അസോസിയേഷൻ റഫറിമാർക്കും ഒഫീഷ്യലുകൾക്കും അയച്ച കത്ത് വിവാദമായിരുന്നു. ഇതിന് നേർവിപരീതമായാണ് പ്രിമിയർ ലീഗിൽ ഇടവേള അനുവദിക്കണമെന്ന് ഫുട്ബാൾ അസോസിയേഷൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.