ദോഹ: ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിലും സർവകാല റെക്കോഡ് നേട്ടത്തിലേക്ക് ഏഷ്യൻ കപ്പിന്റെ കുതിപ്പ്. ഗ്രൂപ് ഘട്ടത്തിലുടനീളം അറുപതോളം മീഡിയ പങ്കാളികളും 120ലധികം ചാനലുകളുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 24 ടീമുകൾ പങ്കെടുക്കുന്ന വൻകരയുടെ ചാമ്പ്യൻഷിപ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 160 പ്രദേശങ്ങളിലാണ് ഇത്തവണ ഏഷ്യൻ കപ്പ് എത്തിയത്. ഏറ്റവും വിപുലമായതും വിവിധ പ്ലാറ്റ്ഫോം വഴി കാണാൻ കഴിയുന്നതുമായ ഏഷ്യൻ കപ്പ് പതിപ്പിനാണ് ഖത്തർ സാക്ഷ്യം വഹിച്ചത്.
മുഴുവൻ ഗ്രൂപ് സ്റ്റേജ് മത്സരങ്ങളും ഇതാദ്യമായി വൻകരക്ക് പുറത്ത് അമേരിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തത്സമയം സംപ്രേഷണംചെയ്ത ആദ്യ ഏഷ്യൻ കപ്പ് എന്ന റെക്കോഡും ഖത്തർ 2023ന് ലഭിച്ചു.
2019 ഏഷ്യൻ കപ്പിനെ അപേക്ഷിച്ച്, 19 ശതമാനം അധിക റേറ്റിങ്ങുകൾ ഇത്തവണ ലഭിച്ചു. പങ്കെടുക്കുന്ന ടീമുകളുടെ രാജ്യങ്ങളിൽ സൗജന്യമായി സംപ്രേഷണം ചെയ്തതും പ്രേക്ഷകരുടെ എണ്ണം വർധിപ്പിക്കുന്നതിൽ നിർണായകമായി. വിയറ്റ്നാമാണ് ഏറ്റവും മുൻപന്തിയിലുള്ളത്. വി.ടി.വി5 ഉൾപ്പെടെയുള്ള പ്രാദേശിക ചാനലുകൾ ഇത്തവണ മത്സരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ 200 ദശലക്ഷം വ്യൂവേഴ്സാണ് അവിടെ ലഭിച്ചത്. 2019ലെ ചാമ്പ്യൻഷിപ് പ്രേക്ഷകരേക്കാൾ 84 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
കൊറിയയിലും ഇത്തവണ പ്രേക്ഷകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ഗ്രൂപ് ഘട്ടത്തിൽ മുൻവർഷത്തെ ടൂർണമെന്റിനേക്കാൾ 51 ശതമാനം ടി.വി റേറ്റിങ്ങാണ് കൊറിയയിൽ ലഭിച്ചത്. നോക്കൗട്ട് റൗണ്ടിലേക്ക് കയറിയതോടെ അത് 65 ദശലക്ഷത്തിലധികം പ്രേക്ഷകരിലേക്ക് എത്തി. 2007നുശേഷം ആദ്യമായി എ.എഫ്.സി ഏഷ്യൻ കപ്പിലേക്കുള്ള ഇന്തോനേഷ്യയുടെ തിരിച്ചുവരവും അവരുടെ നോക്കൗട്ട് സ്റ്റേജിലേക്കുള്ള മുന്നേറ്റം ആഭ്യന്തര ചാനലുകളിലുൾപ്പെടെ 154 ദശലക്ഷം ടെലിവിഷൻ റീച്ച് നേടി. ഗ്രൂപ്പ് ഘട്ടത്തിൽനിന്നുള്ള പ്രേക്ഷക ഡേറ്റ ഇപ്പോഴും ശേഖരിച്ച് വരുന്നതിനാൽ പ്രേക്ഷകരുടെ എണ്ണം ഇനിയും ഉയരും. സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. യൂട്യൂബിലെ ഗ്രൂപ് സ്റ്റേജ് ഹൈലൈറ്റുകൾ കാണുന്നതിലും മുൻ പതിപ്പിനേക്കാൾ 120 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.