ഫുട്ബാളിൽ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്; ലോകകപ്പിൽ കളിക്കുമെന്നും ജർമൻ സൂപ്പർ ഗോളി

മുംബൈ: ഫുട്ബാളിൽ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ടെന്നും ലോകകപ്പിൽ മത്സരിക്കുമെന്നും ജർമനിയുടെ ഇതിഹാസ ഗോൾ കീപ്പർ ഒലീവർ ഖാൻ. മുംബൈയിലെ ജി.ഡി സോമനി സ്കൂളിലെ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് മുൻ സൂപ്പർതാരം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ ഫുട്ബാളിന്‍റെ ഭാവിയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഒലീവർ വലിയ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. ‘ഫുട്ബാളിൽ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്. ഇവിടെ ഞാൻ കാണുന്ന ഫുട്ബാളിനോടുള്ള അഭിനിവേശം അവിശ്വസനീയമാണ്. സമ്പന്നമായ സംസ്കാരവും മനോഹരമായ കളിയും സമന്വയിപ്പിച്ച് ഇന്ത്യക്ക് ഫുട്ബാളിൽ സ്വന്തം മേൽവിലാസം ഉണ്ടാക്കിയെടുക്കാനുള്ള സമയമാണിത്. ആഗോള ഫുട്ബാൾ വേദിയിലെ ശക്തമായ സാന്നിധ്യമായി ഇന്ത്യ ഉടൻ മാറുമെന്നും ലോകകപ്പിൽ മത്സരിക്കുമെന്നും ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു’ -ഒലീവർ ഖാൻ അഭിപ്രായപ്പെട്ടു. സ്കൂളിലെത്തിയ താരത്തിന് ആവേശകരമായ സ്വീകരണമാണ് വിദ്യാർഥികളും അധ്യാപകരും നൽകിയത്.

വിദ്യാർഥികൾക്ക് ജഴ്സിയിൽ ഒപ്പിട്ട് നൽകിയ ഖാൻ, തന്‍റെ കരിയറിന്‍റെ അവസാന നാളിൽ 2008 മെയ് 27ന് കൊൽക്കത്തയിൽ മോഹൻ ബഗാനെതിരെ കളിച്ചതിന്‍റെ അനുഭവവും പങ്കുവെച്ചു. ഈ സ്കൂൾ സന്ദർശിക്കാനായത് തികച്ചും അത്ഭുതകരമായ കാര്യമാണ്. കൊൽക്കത്തയിലെ എന്റെ അവസാന മത്സരം ഓർക്കുന്നു. അവിടെ ഒത്തുകൂടിയ ആളുകളെയും ആരാധകരെയും ഓർക്കുന്നു. ഒരുപാട് നല്ല ഓർമകൾ. യുവാക്കളാണ് ഇന്ത്യയുടെ ഭാവിയെന്നും താരം കൂട്ടിച്ചേർത്തു.

ഫുട്ബാൾ ഒരു കളി മാത്രമല്ല, അതൊരു ജീവിതരീതിയാണ്. കരിയറിൽ ഞാൻ നേരിട്ട വെല്ലുവിളികളാണ് എന്നെ കരുത്തനാക്കിയത്. ‘ഒരിക്കലും പിന്നോട്ടുപോകരുത്’ എന്നത് ജീവിതത്തിലെ എന്റെ മുദ്രാവാക്യമാണ്, അത് നിങ്ങൾ ഓരോരുത്തരും ജീവിതത്തിൽ പിൻപറ്റണമെന്നും ഖാൻ വിദ്യാർഥികളെ ഓർമപ്പെടുത്തി.

Tags:    
News Summary - India Has Immense Potential In Football: Germany's Iconic Goalkeeper Oliver Kahn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.