സമുത് പ്രകാൻ (തായ്‍ലൻഡ്): സീസണിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സമുത് പ്രകാൻ സിറ്റി എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്.
ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് തുടങ്ങിയ മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. മുഹമ്മദ് സഹീഫ്, ക്വാമി പെപ്റ, ഇഷാൻ പണ്ഡിത എന്നിവരാണ് കേരള ക്ലബിനുവേണ്ടി വല കുലുക്കിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കളത്തിലിറങ്ങിയിരുന്നു.
തായ്‌ലൻഡിലെ സമുത് പ്രകാൻ നഗരം ആസ്ഥാനമായുള്ള സമുത് പ്രകാൻ സിറ്റി ഫുട്ബാൾ ക്ലബ്ബ് തായ്‍ലൻഡിലെ രണ്ടാം ഡിവിഷൻ ലീഗിലാണ് ബൂട്ടുകെട്ടുന്നത്. തായ്‍ലൻഡിൽ സീസണിലെ ഒരുക്കങ്ങൾക്കായെത്തിയ ബ്ലാസ്റ്റേഴ്സ് ആദ്യ സന്നാഹ മത്സരത്തിൽ കഴിഞ്ഞ ദിവസം തായ് രണ്ടാം ഡിവിഷൻ ലീഗ് ക്ലബായ പട്ടായ യുനൈറ്റഡിനോട് 2-1ന് തോൽവി വഴങ്ങിയിരുന്നു.
ബ്ലാസ്റ്റേഴ്സ് ഒരാഴ്ച കൂടി തായ്‍ലൻഡിൽ തങ്ങും. ശേഷം നാട്ടിൽ തിരിച്ചെത്തുന്ന ടീം, ജൂലൈ 27ന് തുടങ്ങുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.