മാലി: സാഫ് കപ്പിൽ വീണ്ടും നിരാശാജനകമായ പ്രകടനം പുറത്തെടുത്ത് ഇന്ത്യ. ലോക റാങ്കിങ്ങിൽ 205ാം സ്ഥാനക്കാരായ ശ്രീലങ്ക ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചു. റാങ്കിങ്ങിൽ ഏറെപിറകിലുള്ള ബംഗ്ലാദേശിനോടും നേപ്പാളിനോടും തോറ്റ ലങ്കയോട് ഗോൾ പോലും നേടാൻ സാധിക്കാതിരുന്ന ഇന്ത്യൻ ടീമിന്‍റെ പ്രകടനത്തിൽ ആരാധകർ കടുത്ത നിരാശയിലാണ്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെയും ഇന്ത്യ 1-1ന് സമനില വഴങ്ങിയിരുന്നു. മികച്ച ഒരു ഗോളവസരം പോലും സൃഷ്ടിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. സുനില്‍ ഛേത്രി, ലിസ്റ്റന്‍ കൊളാസോ, മന്‍വീര്‍ സിങ് എന്നീ താരങ്ങൾ അണിനിരന്നിട്ടും ഇന്ത്യക്ക് പച്ച തൊടാനായില്ല. മത്സരത്തില്‍ 73 ശതമാനം സമയവും ഇന്ത്യയായിരുന്നു പന്ത് കൈവശം വെച്ചത്.
രണ്ട് സമനില വഴങ്ങിയതിനാൽ ടൂർണമെന്‍റിൽ ഇന്ത്യയുടെ ഫൈനൽ പ്രവേശനം അത്ര എളുപ്പമല്ലാതായി. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാൽ പോലും ഫൈനൽ ഉറപ്പില്ല. നേപ്പാളും മാലദ്വീപുമാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്‍റുമായി ഏഴുവട്ടം ജേതാക്കളായ ഇന്ത്യ മൂന്നാമതാണ്.
റൗണ്ട് റോബിൻ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഒക്ടോബർ 16ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.