ഷില്ലോങ്: വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ജഴ്സിയിൽ തിരിച്ചെത്തിയ സുനിൽ ഛേത്രി മടങ്ങിവരവ് രാജകീയമാക്കിയപ്പോൾ മാലദ്വീപിനെതിരായ സൗഹൃദ മത്സരം എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ച് ഇന്ത്യ. 35ാം മിനിറ്റിൽ രാഹുൽ ഭേകെയും 66ൽ ലിസ്റ്റൺ കൊളാസോയും ഗോൾ നേടിയപ്പോൾ 77ൽ ഛേത്രിയും ലക്ഷ്യം കണ്ടു. ഛേത്രിയുടെ 95ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. താരത്തെ പരിശീലകൻ മനോലോ മാർക്വേസ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതോടെ ക്യാപ്റ്റന്റെ ആം ബാൻഡും നൽകിയിരുന്നു.
രണ്ടാം മിനിറ്റിൽത്തന്നെ ലിസ്റ്റൻ കൊളാസോയെ പ്രതീക്ഷിച്ച് ഛേത്രി നൽകിയ ക്രോസ് മാലദ്വീപിയൻ പ്രതിരോധം പരാജയപ്പെടുത്തി. 12ാം മിനിറ്റിൽ ബ്രാണ്ടൻ ഫെർണാണ്ടസിന്റെ ശ്രമം അഹ്മദ് നുഅ്മാനും ക്ലിയർ ചെയ്തു. സന്ദർശക ഗോൾമുഖത്ത് ഇന്ത്യ നിരന്തരം സമ്മർദം വിതച്ചു. 15ാം മിനിറ്റിൽ വീണ്ടും അവസരം. ക്ലോസ് ആംഗിളിൽ നിന്ന് ബ്രാണ്ടണിന്റെ ഫ്രീ കിക്ക്. പോസ്റ്റിനരികെ ഛേത്രിക്ക് പന്ത് ലഭിച്ചെങ്കിലും എതിരാളികൾ ഇടപെട്ടു. 18ാം മിനിറ്റിൽ ബോക്സിലെത്തിയ ലിസ്റ്റൺ പന്ത് മഹേഷിന് നൽകിയെങ്കിലും ശ്രമം വിജയിച്ചില്ല. തൊട്ടടുത്ത മിനിറ്റിൽ ബ്രാണ്ടണിന്റെ അടി പുറത്തേക്ക്.
25ാം മിനിറ്റിൽ ലിസ്റ്റണെടുത്ത ഫ്രീകിക്ക് നേരിയ വ്യത്യാസത്തിലാണ് ലക്ഷ്യം തെറ്റിയത്. 32ാം മിനിറ്റിൽ ഭേകെ. ഹെഡർ പക്ഷേ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 35ാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി കോർണർ. ഡിഫൻഡറായ ഭേകെയുടെ പവർ ഫുൾ ഹെഡർ ഇത്തവണ പിഴച്ചില്ല. പരിക്കേറ്റ ബ്രാണ്ടണിന് പകരം 41ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയെ ഇറക്കി.രണ്ടാം പകുതിയിലും കണ്ടത് ഇന്ത്യൻ മേധാവിത്വം. 47ാം മിനിറ്റിൽ മഹേഷിന്റെ കോർണർ കിക്കിൽ ഛേത്രിയുടെ ഹെഡർ ഗോളി ഹംസ മുഹമ്മദ് രക്ഷപ്പെടുത്തി. ഛേത്രിയും ഫാറൂഖും നടത്തിയ ശ്രമങ്ങൾ പലതും ലക്ഷ്യം തെറ്റവെ 66ാം മിനിറ്റിൽ ലിസ്റ്റൺ കൊളാസോ അവതരിച്ചു. മഹേഷെടുത്ത കോർണർ കിക്കിൽ കൊളാസോയുടെ ഒന്നാന്തരം ഹെഡർ. 77ാം മിനിറ്റിൽ ഛേത്രിയും.
ലിസ്റ്റൺ നൽകിയ പന്ത് ഛേത്രി മാലദ്വീപ് പോസ്റ്റിലേക്ക് തലകൊണ്ട് കുത്തിയിട്ടു. ആശ്വാസ ഗോളിനായി ഇടക്ക് സന്ദർശകർ പൊരുതിയെങ്കിലും ഇന്ത്യ ജയം ആധികാരികമാക്കി.
മാർച്ച് 25ന് ഇതേ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരം നടക്കുന്നുണ്ട്. അതിനുള്ള തയാറെടുപ്പ് കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ കളി. ഫിഫ റാങ്കിങ്ങിൽ 126ാം സ്ഥാനത്താണ് ടീം. മാലദ്വീപാവട്ടെ 162ാമതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.