ബംഗളൂരു: ഇന്ത്യൻ ഫുട്ബാൾ ടീം മുൻ നായകൻ കാൾട്ടൺ ചാപ്മാൻ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു 49 വയസ്സുള്ള ചാപ്മാെൻറ അന്ത്യം. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് ചാപ്മാനെ ആശുപത്രിൽ പ്രവേശിപ്പിച്ചത്. ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരങ്ങളിലൊരാളായാണ് ചാപ്മാനെ ഗണിക്കുന്നത്.
1995 മുതൽ 2001 വരെ ഇന്ത്യയുടെ നീലക്കുപ്പായത്തിൽ പന്തുതട്ടിയ ചാപ്മാൻ മധ്യനിരയിൽ കളിമെനയുന്നതിൽ മിടുക്കനായിരുന്നു. ടാറ്റ ഫുട്ബാൾ അക്കാദമിയിലൂടെ മുഖ്യധാര ഫുട്ബാളിൽ പന്തുതട്ടിത്തുടങ്ങിയ ചാപ്മാൻ ഈസ്റ്റ്ബംഗാൾ, ജെ.സിടി, എഫ്.സി കൊച്ചിൻ തുടങ്ങിയ വമ്പൻമാർക്കായി കളത്തിലിറങ്ങി. 1993 ഏഷ്യൻ വിന്നേഴ്സ് കപ് ടൂർണമെൻറിൽ ഈസ്റ്റ്ബംഗാളിനായി ഇറാഖിക്ലബ് അൽ സവ്റക്കെതിരെ ചാപ്മാൻ നേടിയ ഹാട്രിക് ഇന്ത്യൻ ഫുട്ബാളിലെ അനശ്വര മുഹൂർത്തങ്ങളിലൊന്നാണ്. ചാപ്മാെൻറ മികവിൽ ഈസ്റ്റ് ബംഗാൾ മത്സരം 6-2ന് വിജയിച്ചിരുന്നു.
ജെ.സി.ടി മിൽസിനൊപ്പവും ചാപ്മാന് മികച്ച റെക്കോർഡാണുള്ളത്. ഐ.എം വിജയൻ, ബൈച്യുങ് ബൂട്ടിയ അടക്കമുള്ള ഇതിഹാസ താരങ്ങൾ അണിനിരന്നിരുന്ന ജെ.സി.ടി അക്കാലയളവിൽ 14 കിരീടങ്ങൾ അലമാരയിലെത്തിച്ചിരുന്നു. വിജയൻ, ജോപോൾ അഞ്ചേരി തുടങ്ങിയവരോടൊപ്പം എഫ്.സി കൊച്ചിനായി 1997-98 സീസണിൽ പന്തുതട്ടിയ ചാപ്മാൻ പഴയ തട്ടകമായ ഈസ്റ്റ് ബംഗാളിലേക്ക് വീണ്ടും മടങ്ങി. 2001ൽ ചാപ്മാെൻറ കീഴിലാണ് ഈസ്റ്റ്ബംഗാൾ ലീഗ് കിരീടം സ്വന്തമാക്കിയത്.
2001ൽ കളിക്കളത്തോട് വിടപറഞ്ഞ ചാപ്മാൻ പരിശീലക രംഗത്ത് സജീവമായിരുന്നു. എഫ്.സി കൊച്ചിൻ താരമായും ക്വാർട്സ് ഫുട്ബാൾ അക്കാദമി ഡയറക്ടറമായും സേവനമനുഷ്ഠിച്ച ചാപ്മാൻ മലയാളികൾക്കിടയിലും സുപരിചിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.