കുഴഞ്ഞുമറിഞ്ഞ് ഇന്ത്യൻ ഫുട്ബാൾ ഭരണം

ന്യൂഡൽഹി: സമയത്തിന് തെരഞ്ഞെടുപ്പ് നടത്താത്തതിനെ തുടർന്ന് സുപ്രീംകോടതി ഭരണസമിതി പിരിച്ചുവിട്ടതോടെ പ്രതിസന്ധിയിലായ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) നടത്തിപ്പ് കുഴഞ്ഞുമറിഞ്ഞു. സുപ്രീംകോടതി നിയോഗിച്ച താൽക്കാലിക ഭരണസമിതി (സി.ഒ.എ) ഭരണം ഏറ്റെടുത്തതിനു പിന്നാലെ ഫിഫ-എ.എഫ്.സി പ്രതിനിധി സംഘം രാജ്യത്ത് സന്ദർശനത്തിനെത്തുകയും ചെയ്തു.

ഫുട്ബാൾ ഫെഡറേഷൻ നടത്തിപ്പിൽ ഭരണകൂടമോ കോടതിയോ ഇടപെടുന്നത് വെച്ചുപൊറുപ്പിക്കാത്ത ഫിഫ, പ്രതിനിധി സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചായിരിക്കും എ.ഐ.എഫ്.എഫിനെതിരെ നടപടിയെടുക്കണോ എന്ന് തീരുമാനിക്കുക.

12 വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന പ്രഫുൽ പട്ടേലിനെ പുറത്താക്കിയാണ് സുപ്രീംകോടതി താൽക്കാലിക ഭരണസമിതിയെ നിയമിച്ചത്. ദേശീയ കായിക നിയമത്തിന് അനുസൃതമായി എ.ഐ.എഫ്.എഫ് ഭരണഘടന പരിഷ്കരിക്കുകയും തെരഞ്ഞെടുപ്പ് നടത്തുകയുമാണ് മൂന്നംഗ താൽക്കാലിക ഭരണസമിതിയുടെ ചുമതല. സുപ്രീംകോടതി മുൻ ജഡ്ജി അനിൽ ദാവെയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ മുൻ തെരഞ്ഞെടുപ്പ് കമീഷണർ ഡോ. എസ്.വൈ. ഖുറൈശി, മുൻ ഇന്ത്യൻ നായകൻ ഭാസ്കർ ഗാംഗുലി എന്നിവരാണുള്ളത്.

എ.ഐ.എഫ്.എഫിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ താൽക്കാലിക ഭരണസമിതിയെ സഹായിക്കാൻ 12 അംഗ ഉപദേശക സമിതി രൂപവത്കരിച്ചിട്ടുണ്ട്. മുമ്പ് മിനർവ പഞ്ചാബ് ക്ലബിന്റെ ഉടമയായിരുന്ന രഞ്ജിത് ബജാജ് ആണ് സമിതി ചെയർമാൻ.

പ്രഫുൽ പട്ടേലിനെ സുപ്രീംകോടതി നീക്കിയതോടെ അവധിയിൽ പ്രവേശിച്ച ജനറൽ സെക്രട്ടറി കുശാൽ ദാസിന്റെ സ്ഥാനത്ത് സുനന്ദോ ദറിനെ ആക്ടിങ് ജനറൽ സെക്രട്ടറിയായി താൽക്കാലിക ഭരണസമിതി നിയമിച്ചു. മുൻ ഐ ലീഗ് സി.ഇ.ഒയാണ് ദർ.

ഫിഫ മെംബർ അസോസിയേഷൻ ചീഫ് ഓഫിസർ കെന്നി ഴാങ് മാരി, സ്ട്രാറ്റജിക് പ്രോജക്ട് മേധാവി നോഡർ അഖൽകാറ്റ്സി, സൗത്ത് ഏഷ്യ ഡെവലപ്മെന്റ് മാനേജർ പ്രിൻസ് റുഫുസ്, എ.എഫ്.സി ജനറൽ സെക്രട്ടറി വിൻഡ്സർ ജോൺ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വാഹിദ് കർദാനി, സൗത്ത് ഏഷ്യ മേധാവി പുരുഷോത്തം കാട്ടെൽ, സീനിയർ മാനേജർ യോഗേഷ് ദേശായി എന്നിവരാണ് ഫിഫ-എഫ്.സി പ്രതിനിധി സംഘത്തിലുള്ളത്.

Tags:    
News Summary - Indian Football team problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.