ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ സതേൺ ഡെർബിയിൽ ചെന്നൈയിനെ ഒറ്റ ഗോളിന് വീഴ്ത്തി ബംഗളൂരു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 62ാം മിനിറ്റിൽ ഫോർവേഡ് റയാൻ വില്യംസ് നേടിയ ഗോളിനാണ് ആതിഥേയരുടെ ജയം. പോയന്റ് പട്ടികയിൽ 11ാമതായിരുന്ന ബംഗളൂരു ഈ ജയത്തോടെ 14 കളിയിൽ 14 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. ചെന്നൈയിൻ പത്താം സ്ഥാനത്തേക്ക് താഴ്ന്നു.
ഇരു ഗോൾമുഖത്തേക്കും ഒറ്റപ്പെട്ട നീക്കങ്ങൾ കണ്ട ഒന്നാം പകുതിയിൽ ബംഗളൂരുവിനായിരുന്നു മേൽക്കൈ. 14ാം മിനിറ്റിൽ ജോർദാൻ മറെയുടെ മുന്നേറ്റം ഇടതു ബോക്സിന് പുറത്ത് റോഷൻസിങ് ഫൗളിൽ തടഞ്ഞതോടെ ചെന്നൈയിന് ഫ്രീകിക്ക്. ഡെഡ്ബാൾ സ്പെഷലിസ്റ്റ് റഫേൽ ക്രിവലാരോ എടുത്ത കിക്ക് ഗോൾമുഖത്തേക്കിറങ്ങിയെങ്കിലും ഗുർപ്രീതിന്റെ കൈയിലൊതുങ്ങി.
പിന്നാലെ 16ാം മിനിറ്റിൽ ചെന്നൈ മുഖത്ത് ബംഗളൂരുവിനും സമാന അവസരം. യാവിയർ ഹെർണാണ്ടസിന്റെ മുന്നേറ്റം വലതു ബോക്സിന് തൊട്ടുമുന്നിൽ ചെന്നൈ പ്രതിരോധ താരം സാർഥക് ഗുലൂയ് തടഞ്ഞത് മഞ്ഞക്കാർഡിന്റെ അകമ്പടിയിൽ. എന്നാൽ, കിക്കെടുത്ത റയാൻ വില്യംസിന് അപകടകരമായതൊന്നും ചെയ്യാനായില്ല. ബോക്സിലേക്ക് വന്ന പന്ത് റഹിം അലി അനായാസം ക്ലിയർ ചെയ്തു. 27ാം മിനിറ്റിൽ ബംഗളൂരുവിന് ലീഡെടുക്കാൻ അവസരം തുറന്നെങ്കിലും മുതലെടുക്കാനായില്ല.
വലതുവിങ്ങിലൂടെയുള്ള നിഖിൽ പൂജാരിയുടെ റൺ ജോർദാൻ മറെ ഫൗളിലൂടെ തടഞ്ഞപ്പോൾ ബോക്സിന് സമീപത്തുനിന്ന് ഫ്രീകിക്ക്. തന്ത്രപരമായ കിക്കിൽ പന്ത് യാവി നേരെ ബോക്സിൽ ക്യാപ്റ്റൻ സുനിൽ ചേത്രിക്ക് നൽകിയെങ്കിലും ചേത്രിയുടെ ഷോട്ട് പിഴച്ചു.
ആദ്യപകുതി അവസാനിക്കാൻ നാലുമിനിറ്റ് ശേഷിക്കെ ഇരുഭാഗത്തും ഓരോ നല്ല നീക്കം കണ്ടു. നിഖിൽ പൂജാരിയും യുവതാരോ ഷിവാൽഡോ സിങ്ങും നടത്തിയ നീക്കത്തിനൊടുവിൽ പന്ത് ഒന്നാന്തരമായി ചെന്നൈ ബോക്സിലേക്ക് നൽകിയെങ്കിലും ഓടിയെത്തിയ യാവിക്ക് ടൈമിങ് പിഴച്ചു. കൗണ്ടർ അറ്റാക്കിൽ എതിർ ഗോളി ഗുർപ്രീത് മാത്രം മുന്നിൽ നിൽക്കെ, ചെന്നൈ താരത്തിന്റെ ഹെഡർ ശ്രമം പാളി.
ചടുലമായ നീക്കങ്ങളൊന്നും പിറക്കാതെ പോയ വിരസമായ ആദ്യ പകുതിക്കുശേഷം ചെന്നൈ വലയിൽ ഗോൾ പതിച്ചതോടെയാണ് കളി ചൂടുപിടിച്ചത്. ആദ്യ പകുതിക്കു പിന്നാലെ ബംഗളൂരു ഇരട്ടമാറ്റം വരുത്തി. യാവിക്ക് പകരം ഡാനിഷ് താരം ദ്രോസ്റ്റും ഷിവാൽഡോക്ക് പകരം ഹാളിചരൺ നർസാരിയും ഇറങ്ങി. അതിന് ഫലവും കണ്ടു. 62ാം മിനിറ്റിൽ മൈതാന മധ്യത്തിൽനിന്ന് ഹാളി ചരൺ നൽകിയ അസിസ്റ്റ് സ്വീകരിച്ച് പന്തുമായി ഒറ്റക്ക് കുതിച്ച റയാൻ വില്യംസ് ചെന്നൈ കസ്റ്റോഡിയൻ ദേബ്ജിത് മജുംദാറിനെ കബളിപ്പിച്ച് പന്ത് തലക്കു മുകളിലൂടെ പ്ലേസ് ചെയ്തു.
ഗോൾ പിറന്നതിന് പിന്നാലെ ഇരു ടീമും നീക്കങ്ങൾ സജീവമാക്കി. അവസാന 20 മിനിറ്റിൽ തുടരെ നാലു മാറ്റങ്ങളുമായി ചെന്നൈ ഫ്രഷ് ലെഗിൽ പ്രതീക്ഷയർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ചെന്നൈ നിരയിൽ ഫോർവേഡ് കോണോർ ജോൻ ഷീൽഡ് മികച്ച കളി പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.