ഭുവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ വ്യാഴാഴ്ച കിരീടപ്പോര്. നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിയും തമിഴ്‌നാട്ടില്‍നിന്നുള്ള സേതു എഫ്.സിയും 30 പോയന്റുമായി ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഇരു ടീമും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഗോൾ വ്യത്യാസത്തിൽ മുമ്പിലുള്ള ഗോകുലത്തിന് സമനിലമാത്രം മതി.
ലീഗില്‍ എല്ലാ മത്സരത്തിലും ജയിച്ച ഇരു ടീമുകള്‍ക്കും പത്ത് കളികളിൽനിന്ന് 30 പോയന്റുണ്ട്. ഗോള്‍വ്യത്യാസത്തിൽ ഗോകുലംതന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ സേതുവിനെതിരെ സമനില ലഭിച്ചാലും കിരീടം നിലനിർത്താം.
പത്ത് മത്സരത്തില്‍നിന്ന് മൂന്ന് ഗോളുകള്‍ മാത്രമാണ് ഗോകുലം കേരള ഇതുവരെ വഴങ്ങിയത്. അവസാന മത്സരത്തില്‍ സ്‌പോർട്‌സ് ഒഡിഷയെ നേരിട്ട ഗോകുലം കേരള 7-1 എന്ന സ്‌കോറിനാണ് വിജയം സ്വന്തമാക്കിയത്.
മുന്നേറ്റത്തില്‍ എല്‍ഷദായ് അചെങ്‌പോ, മനീഷ കല്യാണ്‍, ജോതി തുടങ്ങിയ താരങ്ങളും മധ്യനിരയിൽ കഷ്മീന, സമീക്ഷ ഉൾപ്പെടെയുള്ളവരും പ്രതിരോധത്തില്‍ ഡാലിമ ചിബ്ബര്‍, റിതു റാണി, രഞ്ജന ചാനു, ആശലത ദേവി തുടങ്ങിയവരുമെല്ലാം ഗോകുലത്തിന് കരുത്ത് പകരും. രാത്രി 7.30ന് കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.