ഹൈദരാബാദ്: പുതിയ പരിശീലകന് കീഴിൽ ആദ്യ കിരീടം തേടുന്ന ഇന്ത്യക്ക് ഇന്ന് ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബാളിലെ കലാശപ്പോരാട്ടം. ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ രാത്രി 7.30ന് തുടങ്ങുന്ന കളിയിൽ സിറിയയെ തോൽപിക്കാനായാൽ ഇന്ത്യക്ക് കിരീടം നിലനിർത്താം. ആദ്യ കളിയിൽ മൗറീഷ്യസിനോട് സമനില വഴങ്ങിയിരുന്നു മാനോലോ മാർക്വേസിന്റെ ശിഷ്യർ. സിറിയ പക്ഷേ, മൗറീഷ്യസിനെ 2-0ത്തിന് തകർത്താണ് തുടങ്ങിയത്. പോയന്റ് നിലയിൽ നിലവിൽ ഒന്നാമതുള്ള സിറിയക്ക് ഇന്ത്യക്കെതിരെ സമനില മതി ജേതാക്കളാവാൻ. ആതിഥേയരെ സംബന്ധിച്ച് ജയത്തിൽ കുറഞ്ഞതൊന്നും ആവശ്യമില്ല.
2018ൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആരംഭിച്ച ടൂർണമെന്റിൽ നാല് ടീമുകളാണ് ഓരോ വർഷവും കളിച്ചിരുന്നത്. പരസ്പരം ഏറ്റുമുട്ടിയ ശേഷം മികച്ച രണ്ട് ടീമുകൾ ഫൈനലിൽ കളിക്കുകയായിരുന്നു രീതി. ഇക്കുറി പക്ഷേ, ത്രിരാഷ്ട്ര ടൂർണമെന്റാണ്. ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്നവരാവും വിജയികൾ. 2018ൽ ഇന്ത്യ കിരീടം നേടിയപ്പോൾ 2019ൽ ഉത്തര കൊറിയയായിരുന്നു ജേതാക്കൾ. അന്ന് നാലാം സ്ഥാനത്ത് പോയി ഇന്ത്യ. 2023ൽ ലെബനാനെ തോൽപിച്ച് കപ്പ് തിരിച്ചുപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.