ഭുവനേശ്വർ: ഇത്തിരിക്കുഞ്ഞൻ എതിരാളികൾ മാറ്റുരക്കാനെത്തുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ ആദ്യ ജയം കുറിച്ച് ആതിഥേയർ. മംഗോളിയക്കെതിരായ ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യൻ ജയം. ആദ്യ വിസിൽ മുഴങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ വല കുലുക്കി. വലതുവിങ്ങിൽനിന്ന് അനിരുദ്ധ ഥാപ നൽകിയ ക്രോസ് മംഗോളിയ ഗോളിയുടെ കൈകളിൽ തട്ടിയെത്തിയത് സഹലിന്റെ കാലുകളിൽ. അവസരം പാഴാക്കാതെ താരം വലക്കണ്ണികൾ കുലുക്കി. തുടക്കത്തിലേ എതിരാളിയെ നിലംപരിശാക്കി കളി പിടിക്കുകയെന്ന തന്ത്രമായിരുന്നു പിന്നീടുള്ള മിനിറ്റുകളിലും ഛേത്രിയും സംഘവും നടപ്പാക്കിയത്. അതിവേഗ നീക്കങ്ങളുമായി ഇന്ത്യൻ മുന്നേറ്റം പറന്നുനടന്നപ്പോൾ ഏതു നിമിഷവും ഗോൾ പിറക്കുമെന്നായി. 14ാം മിനിറ്റിൽ അത് സംഭവിക്കുകയും ചെയ്തു. ചാങ്തെയായിരുന്നു സ്കോറർ. പിന്നീടും ഇന്ത്യ മാത്രമായിരുന്നു ചിത്രത്തിൽ. പാസിങ്ങിൽ ഒത്തിണക്കം പ്രകടിപ്പിച്ച ടീം പരമാവധി സമയം പന്ത് നിയന്ത്രണത്തിൽ നിർത്തുന്നതിലും ശ്രദ്ധ ചെലുത്തി. എതിർവലക്കു മുന്നിൽ ആക്രമണോത്സുക നീക്കങ്ങൾ പലത് പിറന്നെങ്കിലും വല കുലുക്കുന്നതിൽ പരാജയമായത് സ്കോർ 2-0ൽ ഒതുക്കി.
ലോകകപ്പ് യോഗ്യത ഉൾപ്പെടെ വലിയ പോരിടങ്ങളിലേക്ക് ഒരുക്കമെന്നോണം നടക്കുന്ന ടൂർണമെന്റ് 2018നാണ് തുടക്കം കുറിക്കപ്പെടുന്നത്. ആദ്യ എഡിഷനിൽ കിരീടം ഇന്ത്യക്കൊപ്പം നിന്നെങ്കിലും തൊട്ടടുത്ത വർഷം ഉത്തര കൊറിയ ജേതാക്കളായി. കോവിഡിൽ മൂന്നു വർഷം മുടങ്ങിയതിനൊടുവിലാണ് വീണ്ടും തുടങ്ങുന്നത്. ഫിഫ റാങ്കിങ്ങിൽ 183ാമതുള്ള മംഗോളിയക്ക് പുറമെ വനൗട്ടു (164), ലബനാൻ (99) എന്നിവരാണ് ഇന്ത്യക്കൊപ്പം അങ്കം കുറിക്കുന്നത്. ഏറ്റവും മികച്ച രണ്ടു ടീമുകൾ തമ്മിൽ ജൂൺ 18നാകും ഫൈനൽ. കഴിഞ്ഞ മാർച്ചിൽ ത്രിരാഷ്ട്ര ടൂർണമെന്റ് കളിച്ച് കിരീടം ചൂടിയ ഇന്ത്യൻ ടീം മൂന്നാഴ്ചയായി ഒഡിഷയിൽ പരിശീലനത്തിലായിരുന്നു. ഇതിന് തൊട്ടുപിറകെ ടീമിന് സാഫ് ചാമ്പ്യൻഷിപ് പോരാട്ടവുമുണ്ട്. അടുത്തിടെയാണ് ടൂർണമെന്റിനുള്ള 26 അംഗ ടീമിനെ കോച്ച് ഇഗർ സ്റ്റിമാക് പ്രഖ്യാപിച്ചത്. സുനിൽ ഛേത്രിയാണ് നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.