മഞ്ചേരിയിലെ 'മാറക്കാന'യിൽ സൗകര്യം ഇത്ര മതിയോ..?

മഞ്ചേരി: കാൽപന്തുകളിയുടെ ഹൃദയഭൂമിയിൽ ഉരുണ്ടുതുടങ്ങിയ സന്തോഷപന്താട്ടത്തിന്‍റെ ആരവം അതിന്‍റെ പാരമ്യത്തിലാണ്. ആതിഥേയരുടെ മത്സരങ്ങൾക്കാകട്ടെ ഗാലറി നിറഞ്ഞുതുളുമ്പുന്ന സ്ഥിതിയും. മറ്റുമത്സരങ്ങൾക്കാകട്ടെ തരക്കേടില്ലാത്ത കാണികളും എത്തുന്നു.

എന്നാൽ, ജില്ലയുടെ കായികഭൂപടത്തെ രാജ്യത്തിന് പരിചയപ്പെടുത്തിയ പയ്യനാട്ടിലെ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലെ ഗാലറിയിലെ സൗകര്യങ്ങൾ ഇത്രമതിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. താൽക്കാലിക ഗാലറി സംവിധാനം ഒരുക്കാനാകുമോയെന്നും അവർ ചോദിക്കുന്നു. കേരളത്തിന്‍റെ ഓരോ മത്സരങ്ങൾക്കും കാണികളുടെ എണ്ണം വർധിച്ചുവരുകയാണ്.

ജനക്കൂട്ടം ഒഴുകിയെത്തിയതോടെ സെവൻസ് മൈതാനത്തിന്‍റെ അതിർത്തിവരമ്പുകൾ പോലും ചുരുക്കിവരക്കുന്ന ജില്ല 'രാജ്യത്തിന്‍റെ ലോകകപ്പി'ന് ആതിഥേയത്വം വഹിക്കുമ്പോൾ മതിയായ ഗാലറി സൗകര്യങ്ങൾ പോലും ഒരുക്കണമായിരുന്നു.

ജില്ലയിലെ ഏറ്റവും വലിയ മൈതാനമാണിത്. എന്നാൽ, സ്റ്റേഡിയത്തിന്‍റെ കപ്പാസിറ്റിയാകട്ടെ കാൽലക്ഷം മാത്രവും. ആദ്യമത്സരത്തിൽ കാണികളായി എത്തിയത് 28,319 പേരാണ്. പ്രതീക്ഷിച്ചതിലധികം ആളുകൾ ഒഴുകിയെത്തി. ഗേറ്റ് അടച്ചതോടെ ടിക്കറ്റ് ഉണ്ടായിട്ട് പോലും നിരവധി ആളുകൾക്ക് അകത്തുകയറാനായില്ല.

2014ലാണ് സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞത്. എട്ടുവർഷം പിന്നിട്ടിട്ടും സ്റ്റേഡിയത്തിലെ ഗാലറി ശേഷി വർധിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചില്ല. രണ്ടാംഘട്ട വികസനത്തിന് പലതവണ സമ്മർദം ചെലുത്തിയെങ്കിലും നടപടി ആയില്ല. സ്റ്റേഡിയത്തിന്‍റെ ഇരുഭാഗങ്ങളിലുമുള്ള ഗാലറിയുടെ ശേഷി വർധിപ്പിച്ചാൽ ഒരേസമയം 50,000ത്തിലധികം വരുന്ന കാണികൾക്ക് കളികാണാനാകും.

ഈ ചാമ്പ്യൻഷിപ്പിന് താൽക്കാലികമായി ഗാലറി സംവിധാനം ഒരുക്കിയാൽ പോലും അഖിലേന്ത്യ ഫുട്ബാൾ ഫെഡറഷേന് നഷ്ടം സംഭവിക്കില്ലെന്നുറപ്പാണ്. ഉദ്ഘാടന ശേഷം സ്റ്റേഡിയത്തിന്‍റെ രണ്ടാംഘട്ട വികസന പ്രവർത്തനം ഉടൻ നടപ്പാക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞിരുന്നു. കൂടാതെ മലപ്പുറത്തിന്‍റെ മണ്ണിലേക്ക് കൂടുതല്‍ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അതിന് മുമ്പെങ്കിലും ഗാലറി നവീകരണം നടത്തിയാൽ കായികപ്രേമികൾക്ക് മുതൽക്കൂട്ടാകും. 

പയ്യനാട് സ്റ്റേഡിയം വികസിപ്പിക്കുമെന്ന് മന്ത്രി

മഞ്ചേരി പയ്യനാട് സ്റ്റേഡിയം വികസിപ്പിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. കരിപ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50,000 കാണികളെ ഉൾക്കൊള്ളുന്ന രീതിയിൽ സ്റ്റേഡിയം നവീകരിക്കാനാണ് പദ്ധതി. ഇതിന് രണ്ട് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. സന്തോഷ് ട്രോഫി മൽസരങ്ങളിലെ തിരക്ക് പരിഗണിച്ച് സ്‌റ്റേഡിയത്തിൽ താൽക്കാലിക ഗാലറി നിർമിക്കുന്നതും പരിഗണനയിലുണ്ടെന്നും ഇതിനായി ടെക്നിക്കൽ കമ്മിറ്റി സ്റ്റേഡിയം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Is the facility at 'Marakkana' in Manjeri so good ..?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.