വാസ്കോ/ബാംബോലിം: ഐ.എസ്.എല്ലിൽ സെമി പ്രതീക്ഷ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. തോറ്റാൽ സെമി സാധ്യത മങ്ങുന്ന കളിയിൽ ചെന്നൈയിൻ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്നത്തെ രണ്ടാം മത്സരത്തിൽ സെമി പ്രതീക്ഷയുള്ള മുംബൈ സിറ്റി എഫ്.സിയും കളത്തിലിറങ്ങുന്നുണ്ട്. എഫ്.സി ഗോവയാണ് മുംബൈയുടെ എതിരാളികൾ.
17 കളികളിൽ 28 പോയന്റുമായി മുംബൈ നാലാമതും 27 പോയന്റോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാമതുമാണ്. മുംബൈയും ബ്ലാസ്റ്റേഴ്സും ശനിയാഴ്ച ജയിച്ചാൽ അടുത്ത റൗണ്ടിൽ ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടുന്ന മത്സരം അതിനിർണായകമാവും. ഹൈദരാബാദ് (35), ജാംഷഡ്പൂർ (34), എ.ടി.കെ മോഹൻ ബഗാൻ (31) ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
ഹൈദരാബാദ് സെമിയുറപ്പിച്ചുകഴിഞ്ഞു. ഹൈദരാബാദിനെതിരെ മികച്ച കളി കെട്ടഴിച്ചിട്ടും തോറ്റതിന്റെ നിരാശയിൽനിന്ന് ടീം കരകയറിയതായി കോച്ച് ഇവാൻ വുകാമാനോവിച് പറഞ്ഞു. സസ്പെൻഷൻ മൂലം കഴിഞ്ഞ കളിയിൽ പുറത്തിരിക്കേണ്ടിവന്ന ജോർഹെ പെരേര ഡയസ് തിരിച്ചെത്തും. അതേസമയം, നിഷു കുമാറും ജീക്സൺ സിങ്ങും പരിക്കിൽനിന്ന് മോചിതരായിട്ടുണ്ടെങ്കിലും കളിക്കുന്ന കാര്യമുറപ്പില്ല.
മുംബൈക്കെതിരായ വിജയവുമായാണ് ബ്ലാസ്റ്റേഴ്സ് സീസണിൽ ഉയിർത്തെഴുന്നേൽപ് തുടങ്ങിയത്. അതുവരെ കുതിക്കുകയായിരുന്ന മുംബൈ കിതച്ചുതുടങ്ങിയതും അതു മുതലായിരുന്നു. എന്നാൽ, കോവിഡ് തളർത്തിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. തോൽവിയറിയാതെ കുതിക്കുകയായിരുന്ന ബ്ലാസ്റ്റേഴ്സ് അതിനുശേഷമുള്ള ആറു കളികളിൽ മൂന്നു പരാജയം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.