വാസ്കോ: ഐ.എസ്.എൽ സീസണിലെ അത്യാവേശകരമായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹൻ ബഗാനും പോയന്റ് പങ്കിട്ട് പിരിഞ്ഞു. അവസാന വിസിൽ വരെ നാടകീയമായിരുന്ന കളിയിൽ 2-2 ആയിരുന്നു സ്കോർ. അന്തിമ വിസിലിന് സെക്കന്റുകൾ മുമ്പുവരെ 2-1ന് മുന്നിട്ടുനിന്നശേഷം വഴങ്ങിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയം കളഞ്ഞുകുളിച്ചത്. ഇതോടെ 30 പോയന്റുമായി എ.ടി.കെ പോയന്റ് പട്ടികയിൽ മുന്നിലെത്തി. ബ്ലാസ്റ്റേഴ്സ് 27 പോയന്റോടെ നാലാം സ്ഥാനത്ത് തുടരുന്നു.
അഡ്രിയൻ ലൂനയാണ് (7, 64) ബ്ലാസ്റ്റേഴ്സിന്റെ രണ്ടു ഗോളുകളും നേടിയത്. ഡേവിഡ് വില്യംസും (8) ജോണി കൗകോയും (90+7) ആണ് എ.ടി.കെയുടെ ഗോളുകൾ നേടിയത്.
ഇരുടീമുകളും കൊണ്ടും കൊടുത്തും പോരാടിയ മത്സരമായിരുന്നു തിലക് മൈതാനത്ത്. ബ്ലാസ്റ്റേഴ്സിനായി ലൂന നേടിയ രണ്ടു ഗോളും എണ്ണംപറഞ്ഞവയായിരുന്നു. ഏഴാം മിനിറ്റിൽ ബോക്സിന് പുറത്ത് ഇടതുഭാഗത്ത് കിട്ടിയ ഫ്രീകിക്ക് ഉറുഗ്വായ്ക്കാരൻ പ്രതിരോധ മതിലിനുമുകളിലുടെ വലയിലേക്ക് ഉയർത്തിവിട്ടപ്പോൾ എ.ടി.കെ ഗോളി അമരീന്ദർ സിങ് കാഴ്ചക്കാരനായിരുന്നു. എന്നാൽ, ഗോൾ വഴങ്ങിയ ഉടൻ എ.ടി.കെ തിരിച്ചടിച്ചു. വലതുവിങ്ങിലൂടെ ഓടിക്കയറി പ്രീതം കോട്ടാൽ നൽകിയ പാസിൽ വില്യംസിന്റെ ഫസ്റ്റ് ടൈം ഫിനിഷിങ്ങിൽ സ്കോർ തുല്യം.
64ാം മിനിറ്റിൽ ലൂനയുടെ മനോഹരമായ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. കോർണറിനെ തുടർന്ന് പ്യൂട്ടിയ നൽകിയ പാസിൽ ഇടതുവിങ്ങിൽനിന്ന് ലൂന തൊടുത്ത ഷോട്ട് എ.ടി.കെ ഗോളിയുടെ തലക്കുമുകളിലുടെ വലയിലെത്തി. സമനില ഗോളിനായി ആഞ്ഞുപിടിച്ച എ.ടി.കെയുടെ ഇരമ്പിക്കയറ്റത്തിനുമുന്നിൽ വൻമതിലായി ഉയർന്നുനിന്ന ഗോളി പ്രഭ്സുഖൻ സിങ് ഗിൽ ബ്ലാസ്റ്റേഴ്സിനെ ജയത്തിലെത്തിച്ചെന്ന് തോന്നിച്ചതാണ്. എന്നാൽ, അവസാന മിനിറ്റിൽ കൗക്കോയുടെ ഷോട്ട് തടുക്കാൻ ഗോളിക്കുമായില്ല. അതിനുതൊട്ടുമുമ്പ് വിൻസി ബാരറ്റോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി ഗതിമാറിയതിന് ബ്ലാസ്റ്റേഴ്സ് കൊടുക്കേണ്ടിവന്ന വിലയായിരുന്നു ഈ ഗോൾ.
ബുധനാഴ്ച ഹൈദരാബാദുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.