ബംബോലിം: മഹാദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഞായറാഴ്ച വൈകീട്ട് ഗോവയിലെ ഫറ്റോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മഞ്ഞക്കടലാകും. രണ്ട് മഞ്ഞപ്പടകൾ ഏറ്റുമുട്ടും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഹൈദരാബാദ് എഫ്.സി നേരിടും. രണ്ടാം പാദ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് എ.ടി.കെ മോഹൻബഗാനോട് തോൽവി പിണഞ്ഞെങ്കിലും ആദ്യ പാദത്തിലെ വിജയത്തിന്റെ ബലത്തിൽ 3-2ന് ബഗാനെ മറികടന്നാണ് ഹൈദരാബാദ് ഫൈനലിൽ കടന്നത്. ആദ്യ പാദ സെമിയിൽ ഹൈദരാബാദ് 3-1നായിരുന്നു എ.ടി.കെ മോഹൻബഗാനെ തോൽപിച്ചത്.ബംബോലിനിൽ കളിയുടെ 79ാം മിനിറ്റിൽ റോയ് കൃഷ്ണ നേടിയ ഗോളിലാണ് മോഹൻബഗാൻ മുന്നിൽ കയറിയത്. ലിസ്റ്റൻ കൊളാസോയുടെ അളന്നു തിട്ടപ്പെടുത്തിയ ക്രോസ് അനായാസം വലയിലേക്ക് തട്ടിയിടുന്ന ജോലി മാത്രമേ റോയി കൃഷ്ണക്കുണ്ടായിരുന്നുള്ളു. ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി അപ്പോൾ സ്ഥാനം തെറ്റി നിൽക്കുകയായിരുന്നു.
കളംനിറയെ കൊളാസോ
രണ്ട് ഗോളിന് പിന്നിലാണെന്ന ബോധ്യത്തോടെ കളിക്കാനിറങ്ങിയിട്ടും അതിന്റെ ചൂടൊന്നുമില്ലായിരുന്നു എ.ടി.കെ മോഹൻബഗാന്. മികച്ച മാർജിനിൽ നിൽക്കുന്നതിനാൽ സമനിലയായാലും കുഴപ്പമില്ലെന്ന മട്ടിലായിരുന്നു ഹൈദരാബാദ്. തുടക്കത്തിൽ കളി തണുപ്പനും ലക്ഷ്യമില്ലാത്തതുമായിരുന്നെങ്കിലും എ.ടി.കെ നിരയിൽ രണ്ടുപേർ അത്യധ്വാനത്തിലായിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരമായ ലിസ്റ്റൻ കൊളാസോയും റോയ് കൃഷ്ണയും. പന്ത് എപ്പോഴൊക്കെ ഹൈദരബാദ് നിരയിലേക്ക് വന്നോ, അപ്പോഴെല്ലാം അതിനു പിന്നിൽ ലിസ്റ്റൻ കൊളാസോയുമുണ്ടായിരുന്നു. കളം നിറഞ്ഞാടിയ കൊളാസോ ഏതു നിമിഷവും ഗോളടിക്കുമെന്ന നിലയിലേക്ക് കളിയെ മെല്ലെ മാറ്റി.
ആദ്യ പകുതി അവസാനിച്ചത് എ.ടി.കെയുടെ മികച്ച ചില മുന്നേറ്റങ്ങൾ കണ്ടുകൊണ്ടായിരുന്നു. ലിസ്റ്റൻ തുറന്നെടുത്ത അവസരങ്ങൾക്കുമുന്നിൽ മിക്കപ്പോഴും ദൗർഭാഗ്യം വാതിലടച്ചുനിന്നു.
ഒടുവിൽ ഗോൾ
രണ്ടാം പകുതിയിൽ എ.ടി.കെയുടെ ഉജ്ജ്വല മുന്നേറ്റങ്ങളാണ് ബംബോലിനിൽ കണ്ടത്. 58ാം മിനിറ്റിൽ ജോണി കോക്കോയെ ആകാശ് മിശ്ര വീഴ്ത്തിയത് ബോക്സിനകത്തോ പുറത്തോ എന്ന സംശയത്തിലായിരുന്നു. റഫറി പെനാൽറ്റി വിധിക്കാതിരുന്നതും എ.ടി.കെക്ക് തിരിച്ചടിയായി. ആകാശ് മിശ്രയെ മഞ്ഞക്കാർഡിലൊതുക്കി പ്രശ്നം റഫറി വെങ്കിടേശ് പരിഹരിച്ചു.
79ാം മിനിറ്റിൽ ലിസ്റ്റൻ കൊളാസോ - റോയ് കൃഷ്ണ കൂട്ടുകെട്ട് ഗോൾ വല കുലുക്കി. അവസാന നിമിഷങ്ങളിൽ ആഞ്ഞുപിടിച്ച് സമനിലയാക്കാൻ നോക്കിയെങ്കിലും ഭാഗ്യം എ.ടി.കെ ക്ക് എതിരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.