ഫറ്റോർഡ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ അത്ലറ്റിക്കോ മോഹൻ ബഗാൻ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കൊമ്പൻമാരെ വീഴ്ത്തിയത്. ഇരട്ട ഗോളുകളുമായി ഫ്രഞ്ച് മിഡ്ഫീൽഡർ ഹ്യൂഗോ ബൗമസ് ബഗാന് വേണ്ടി തിളങ്ങി. മൂന്നാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു താരം വലകുലുക്കിയത്.
റോയ് കൃഷ്ണയും (27) ലിസ്റ്റൺ കൊളോകോയും (50) ഓരോ ഗോളുകൾ വീതം നേടി. സഹൽ അബ്ദുസ്സമതും (24) ജോര്‍ജ് ഡയസുമാണ് (69) ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർമാർ.
എ.ടി.കെക്ക് തന്നെയായിരുന്നു കളിയിൽ മുൻതൂക്കം. തുടക്കം മുതലേ ആക്രമിച്ച് കളിച്ച മുൻ ചാംപ്യൻമാർ മൂന്നാം മിനിറ്റിൽ തന്നെ വലകുലുക്കുകയും ചെയ്തു. കൊളോകോയുടെ അസിസ്റ്റിൽ ബൗമസാണ് ഗോളടിക്ക് തുടക്കം കുറിച്ചത്. 24-ാം മിനിറ്റിൽ രാഹുലിന്‍റെ ക്രോസിലൂടെ സഹൽ തിരിച്ചടിച്ചെങ്കിലും റോയ് കൃഷ്ണ പെനാൽട്ടിയിലൂടെ വീണ്ടും എ.ടി.കെയുടെ ലീഡുയർത്തി.
എന്നാൽ, കൊമ്പൻമാരുടെ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് മിനിറ്റുകൾക്കകം ബൗമസ് തന്‍റെ രണ്ടാമത്തെ ഗോളും കുറിച്ചു. ഒറ്റയ്ക്ക് പന്തുമായി വന്ന് വലതുവിങ്ങിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് കൂറ്റനൊരടിയായിരുന്നു ഫ്രഞ്ച് താരം. ആദ്യ പകുതി അവസാനിക്കുേമ്പാൾ 3-1 എന്ന ശക്തമായ നിലയിലായിരുന്നു അവർ.
രണ്ടാം പകുതിയുടെ തുടക്കത്തിലും എ.ടി.കെ ഞെട്ടിച്ചു. റോയ് കൃഷ്ണയുടെ അസിസ്റ്റില്‍ കിടിലൻ കര്‍വിങ്ങ് ഷോട്ടിലൂടെ ലിസ്റ്റണ്‍ കൊളാകോ ഗോൾ നേട്ടം നാലാക്കിയുയർത്തുകയായിരുന്നു. മഞ്ഞപ്പടക്ക് പെരേര ഡയസ് 68ാം മിനിറ്റിൽ ആശ്വാസ ഗോൾ സമ്മാനിക്കുകയും ചെയ്തു. അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പി രാഹുൽ മത്സരത്തിൽ പരിക്കേറ്റ് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.