ബാംബോലിം: ഐ.എസ്.എൽ രണ്ടാം സെമിഫൈനൽ ആദ്യ പാദത്തിൽ ഇന്ന് ഹൈദരാബാദ് എഫ്.സിയും എ.ടി.കെ മോഹൻ ബഗാനും നേർക്കുനേർ. ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനത്തായിരുന്നു ഹൈദരാബാദ്. എ.ടി.കെ മൂന്നാമതും.
ഹൈദരാബാദിന്റെ കന്നി സെമിപ്രവേശനമാണിത്. എ.ടി.കെയാവട്ടെ രണ്ടു തവണ ചാമ്പ്യന്മാരും രണ്ടു തവണ റണ്ണേഴ്സുമായ ടീമാണ്. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ഹൈദരാബാദ് അവസാനഘട്ടത്തിൽ ജാംഷഡ്പുരിനു പിന്നിലാവുകയായിരുന്നു. തുടക്കത്തിൽ പതറിയ എ.ടി.കെയാവട്ടെ ഗോവയിൽനിന്ന് കോച്ച് യുവാൻ ഫെറാൻഡോ എത്തിയശേഷമാണ് ക്ലച്ച് പിടിച്ചത്. 15 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച എ.ടി.കെ ഒടുവിൽ അവസാന ലീഗ് മത്സരത്തിൽ ജാംഷഡ്പുരിനു മുന്നിലാണ് വീണത്.
17 കളികളിൽ 17 ഗോളുമായി ടോപ്സ്കോറർ സ്ഥാനത്തുള്ള ബർതലോമിയോ ഒഗ്ബെച്ചെയുടെ അസുഖമാണ് ഹൈദരാബാദ് കോച്ച് മനാലോ മാർക്വസിനെ കുഴക്കുന്നത്. അവസാന രണ്ടു കളികളിൽ പുറത്തിരുന്ന ഒഗ്ബെച്ചെ ഇന്ന് ഇറങ്ങുമെന്നാണ് സൂചന.
യുവതാരങ്ങളായ ആകാശ് മിശ്ര, ആശിഷ് റായ്, യാസർ മുഹമ്മദ്, രോഹിത് ദാനു എന്നിവരൊക്കെയാണ് ഹൈദരാബാദിന്റെ കരുത്ത്. എ.ടി.കെ നിരയിൽ നോക്കൗട്ട് റൗണ്ടിലെ അഗ്രഗണ്യരായ റോയ് കൃഷ്ണയും ഡേവിഡ് വില്യംസുമൊക്കെയുണ്ടെങ്കിലും ഇന്ത്യൻ താരങ്ങളായ മൻവീർ സിങ്ങും ലിസ്റ്റൺ കൊളാസോയുമാണ് സീസണിലെ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.