ഇന്ത്യൻ ഫുട്ബാളിന്റെ ആവേശപോരാട്ടങ്ങൾക്ക് തിരിതെളിഞ്ഞ തുടക്കകാലം മുതൽ വമ്പന്മാർക്കൊപ്പം ഗോദയിലറങ്ങിയ ടീം. 2014 മുതൽ ഐ.എസ്.എല്ലിൽ സ്ഥിരസാന്നിധ്യം. പത്താണ്ട് തികയുമ്പോൾ നേട്ടങ്ങൾ മറന്ന ടീമായി നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ വിലയിരുത്തുമ്പോൾ പോരായ്മയുടെ ഘട്ടത്തിലും പ്രകടനങ്ങൾ കൊണ്ട് ആരാധകരെ ഞെട്ടിച്ച നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ അത്ര നിസ്സാരമായി തള്ളാൻ കഴിയില്ല.
മികച്ച ലൈനപ്പുണ്ടായിട്ടും ഭാഗ്യം തുണക്കാതിരുന്ന നോർത്ത് ഈസ്റ്റിന്റെ 2015 ലെയും 2018-19 സീസണിലേയും പ്രകടനങ്ങൾ ഒന്നു മാത്രം മതി ഏതു പ്രതിസന്ധി ഘട്ടത്തിലും വലിയ തിരിച്ചുവരവിന് പ്രാപ്തിയുള്ളവരാണ് അവരെന്ന് മനസ്സിലാക്കാൻ. നേരിയ പോയന്റ് കൊണ്ട് 2015 ലും 2016 ലും പ്ലേഓഫ് നഷ്ടപ്പെട്ട നോർത്ത് ഈസ്റ്റിന് 2018-19 സീസൺ അത് സമ്മാനിച്ചു. ടീമിനെ നിസ്സാരരായി കണ്ട പല വമ്പന്മാരെയും മുട്ടികുത്തിച്ചായിരുന്നു ആ സീസണുകളിലെ ടീമിന്റെ അവിസ്മരണീയ പ്രയാണം.
നിരവധി യുവതാരങ്ങൾക്ക് അവസരം നൽകുന്ന ടീം തങ്ങളുടെ ശക്തികേന്ദ്രങ്ങളായി പറയുന്നതും യുവനിരയെയാണ്. മലയാളി താരങ്ങൾക്ക് പലപ്പോഴും അവസരം കൂടുതലായി നൽകിയ ടീമും നോർത്ത് ഈസ്റ്റാണ്. ഇത്തവണയും മലയാളി സാന്നിധ്യം ടീമിലുണ്ട്. തൃശൂർ സ്വദേശിയും മികച്ച സ്ട്രൈക്കറുമായ എം.എസ്. ജിതിൻ, കാസർകോട് സ്വദേശിയും ഗോൾകീപ്പറുമായ കെ. മിർഷാദ്, ഷിഗിൽ നമ്പ്രത്ത് എന്നിവരാണ് ടീമിലെ മലയാളി കരുത്ത്.
ഫ്രഞ്ച് മിഡ്ഫീൽഡർ മെയ്ൻ ഫിലിപ്പോട്ടോക്സ്, പുതുതായി ടീമിലെത്തിച്ച ബ്രസീലിയൻ സ്ട്രൈക്കർ ഇബ്സൻ മെലോ, മൊറോക്കൻ മധ്യനിര താരം മുഹമ്മദലി ബെമാമർ, സ്പാനിഷ് താരം നെസ്റ്റർ ആൽബിയച്ച്, ഫലസ്തീൻ ഡിഫൻഡർ യാസർ ഹമദ് എന്നിവരടങ്ങിയ വിദേശനിരയിൽ കൂടിയാണ് ടീമിന്റെ പ്രതീക്ഷയും ശക്തിയും. ട്രാൻസ്ഫർ വഴി ടീമിലെത്തിച്ച 18 ഓളം പേരാണ് ഇത്തവണ ടീമിനായി ബൂട്ടണിയുന്നത്.
സ്പാനിഷ് തന്ത്രങ്ങൾക്ക് ഫുട്ബാൾ ലോകത്ത് മികച്ച പ്രചാരമാണ്. മികച്ച പല പരിശീലകരെയും സമ്മാനിച്ച സ്പെയിൻ, ഫുട്ബാൾ ലോകത്താകമാനം തങ്ങളുടെ കളിരീതിയെ മികച്ച രീതിയിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഇത്തവണ നോർത്ത് ഈസ്റ്റ് മാനേജ്മെന്റ് ടീമിനായി ഒരുക്കിയതും മികച്ച കരിയർ പിൻബലമുള്ള ഒരുഗ്രൻ സ്പാനിഷ് കളിയാശാനെയാണ്.
1997 മുതൽ പരിശീലന കുപ്പായത്തിൽ തുടരുന്ന ജുആൻ ബെനാലി സ്പെയ്ൻ, മൊറോക്കോ, ഖത്തർ, തുനീഷ്യ, യു.എ.ഇ, ജപ്പാൻ, ഫിൻലൻഡ് എന്നിവിടങ്ങളിലെ 13 ഓളം ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ഇത്തവണ തന്ത്രങ്ങളൊരുക്കുന്നത് ഇന്ത്യൻ മണ്ണിലാണ്. മികച്ച പാടവമുള്ള ബെനാലി നോർത്ത് ഈസ്റ്റ് യുനൈറ്റഡിനായി ഒരുക്കുന്നത് അവിസ്മരണീയ സീസണായിരിക്കുമെന്നതിൽ തർക്കമില്ല.
സെപ്. 24 മുംബൈ സിറ്റി എഫ്.സി
സെപ്. 29 ചെന്നൈയിൻ എഫ്.സി
ഒക്ടോ. 06 പഞ്ചാബ് എഫ്.സി
ഒക്ടോ. 21 കേരള ബ്ലാസ്സ്റ്റേഴ്സ്
ഒക്ടോ. 26 ജാംഷഡ്പുർ എഫ്.സി
നവം. 03 ഒഡിഷ എഫ്.സി
നവം. 26 ബെംഗളൂരു എഫ്.സി
ഡിസം. 04 ഈസ്റ്റ് ബംഗാൾ
ഡിസം. 10 ഹൈദരാബാദ് എഫ്.സി
ഡിസം. 15 മോഹൻ ബഗാൻ
ഡിസം. 24 ബംഗളൂരു എഫ്.സി
ഡിസം. 29 എഫ്.സി ഗോവ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.