ഐ.എസ്.എൽ: ജയം പിടിക്കാനാകാതെ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പുരിനെതിരെ സമനില

ജംഷഡ്പുർ: അവസാനം കളിച്ച അഞ്ചിൽ നാലിലും തോൽവിയുമായി ആരാധക പ്രതീക്ഷകളിൽ ദൂരെയായിപ്പോയ മഞ്ഞപ്പടക്ക് സമനില മടക്കം. ആദ്യം ഗോളടിച്ച് മുന്നിലെത്തിയ ടീമിനെതിരെ തിരിച്ചടിച്ച് ജംഷഡ്പൂരാണ് സമനില സമ്മാനിച്ചത്. ​18 കളികളിൽ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ​പ്ലേഓഫ് ഉറപ്പാകാൻ ഇതോടെ ഇനിയും കാത്തിരിക്കണം.

ജയം ​തേടിയിറങ്ങിയ മഞ്ഞപ്പട പഴയ പ്രതാപത്തിന്റെ മിന്നലാട്ടവുമായി തുടക്കം മുതൽ മൈതാനം നിറഞ്ഞത് കോച്ചിനും ആരാധകർക്കും പ്രതീക്ഷ നൽകുന്നതായിരുന്നു. സീസൺ ആരംഭത്തിലെ ആദ്യ മുഖാമുഖം ജയിച്ച ആവേശം ടീമിന് വിജയം നൽകുമെന്ന് തോന്നിച്ചതിനൊടുവിൽ 23ാം മിനിറ്റിൽ ലീഡെടുക്കുകയും ചെയ്തു. ബോക്സിനു പുറത്തുനിന്ന് ജസ്റ്റിന് ലഭിച്ച പന്ത് ഡയമന്റി​കോസിന് തളികയിലെന്ന പോലെ നൽകിയ പാസ് ​ഡിഫെൻഡറെ കടന്ന് മനോഹരമായി വല കുലുക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ജംഷഡ്പൂർ ഒപ്പം പിടിച്ചു. സ്വന്തം പകുതിയിൽനിന്ന് എൽസിഞ്ഞോ നൽകിയ തകർപ്പൻ ​പാസ് കാലിലെടുത്തോടിയ സിവേരിയോ അനായാസം വല കുലുക്കുകയായിരുന്നു. ഇരു നിരയും കൊണ്ടും കൊടുത്തും മുന്നേറിയ രണ്ടാം പകുതിയിൽ പക്ഷേ, കേരളത്തിനായിരുന്നു മേൽക്കൈ. 61ാം മിനിറ്റിൽ രാഹുൽ ഗോളിലേക്ക് പായിച്ച ഷോട്ട് പുറത്തേക്ക് പോയി. തളർന്നവർക്ക് പകരക്കാരെ ഇറക്കിയും ആക്രമണം കനപ്പിച്ചും അവസാന നിമിഷങ്ങളിലെ മി​ന്നലാട്ടങ്ങൾ പക്ഷേ, വല കുലുക്കുന്നതിൽ പരാജയമായി. റഫറി അവസാന വിസിൽ മുഴക്കുന്നതിന് തൊട്ടുമുമ്പ് ഡയമന്റകോസ് എടുത്ത​ ഷോട്ട് ബാറിൽ തട്ടി മടങ്ങിയതോടെ കളി തീരുമാനമായി.

ഇതോടെ 19 കളികളിൽ ബ്ലാസ്റ്റേഴ്സിന് 30 പോയിന്റായപ്പോൾ ജംഷഡ്പൂർ 21 പോയിന്റോടെ ഏഴാമതാണ്. മുംബൈ സിറ്റി ഒന്നാമതു നിൽക്കുന്ന പട്ടികയിൽ മോഹൻ ബഗാൻ, ഒഡിഷ, ഗോവ ടീമുകളാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. 

Tags:    
News Summary - ISL 2024, Jamshedpur FC Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.