ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് റൗണ്ട് ജയത്തോടെ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളിന് ഹൈദരാബാദ് എഫ്.സിയെയാണ് തോൽപിച്ചത്. 34ാം മിനിറ്റിൽ മുഹമ്മദ് അയ്മനും 51ൽ ഡൈസുകെ സകായിയും 81ൽ നിഹാൽ സുധീഷും സ്കോർ ചെയ്തു. 88ാം മിനിറ്റിൽ ജാവോ വിക്ടറാണ് ആതിഥേയരുടെ ആശ്വാസ ഗോൾ നേടിയത്.
കളി തുടങ്ങിയത് മുതൽ ഡൈസൂകെ സകായിക്കൊപ്പം ഹൈദരാബാദ് ഗോൾമുഖത്ത് ഇടക്കിടെ അപായം വിതറിക്കൊണ്ടിരുന്ന അയ്മൻ 34ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഇടതുപാർശ്വത്തിൽ നിന്ന് ഹോർമിപാമിന്റെ മനോഹര ക്രോസ്. ബോക്സിലുണ്ടായിരുന്ന അയ്മൻ ഉയർന്നുപൊങ്ങി ഗോളി കട്ടിമണിയെ നിസ്സഹായനാക്കി താഴെ വലതുമൂലയിലേക്ക് തലകൊണ്ട് കുത്തിയിട്ടു.
രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റിൽ ഹൈദരാബാദിന്റെ മലയാളി താരം അബ്ദുൽ റഹീമിന്റെ ഗോൾ ശ്രമം ബ്ലാസ്റ്റേഴ്സ് ഗോളി തടഞ്ഞു. 51ാം മിനിറ്റിൽ മഞ്ഞപ്പടക്ക് ആവേശമേറ്റി രണ്ടാം ഗോൾ. അയ്മൻ നൽകിയ പന്തുമായി സൗരവ് മണ്ഡൽ പോസ്റ്റിനരികിലേക്ക്. ലൈനും കടന്ന് പോവുമായിരുന്ന പന്ത് വീണ്ടെടുത്ത് ബോക്സിൽ സകായിക്ക് നൽകേണ്ട താമസം ആളില്ലാ പോസ്റ്റിൽ അടിച്ചുകയറ്റി. ലീഡ് കൂട്ടാൻ ബ്ലാസ്റ്റേഴ്സും ആശ്വാസ ഗോളിനായി ഹൈദരാബാദും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നു.
81ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ നീക്കം ഫലം കണ്ടു. ഒരിക്കൽക്കൂടി അയ്മൻ അവതരിച്ചു. നിഹാലിന്റെ ആദ്യ ഷോട്ട് കട്ടിമണി സേവ് ചെയ്തു. പന്ത് ലഭിച്ച അയ്മൻ നിഹാലിന് നൽകി. ഇത്തവണ പിഴവു വരുത്താതെ നിഹാലിന്റെ ഫിനിഷ്. നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.