ന്യൂഡൽഹി: ഐ.എസ്.എല്ലിൽ മലയാളിക്കരുത്തിൽ പഞ്ചാബ് എഫ്.സിക്ക് തുടർച്ചയായ രണ്ടാം ജയം. ആവേശ പോരാട്ടത്തിൽ ഒഡിഷ എഫ്.സിയെ 2-1നാണ് തോൽപ്പിച്ചത്.
പഞ്ചാബിന്റെ രണ്ടു ഗോളുകളും സ്വന്തമാക്കിയത് മലയാളി താരങ്ങളാണ്. കൊച്ചിക്കാരനായ നിഹാൽ സുധീഷ് 28ാം മിനിറ്റിൽ പഞ്ചാബിനെ മുന്നിലെത്തിച്ചു. ഇടതുവിങ്ങിൽനിന്ന് നിഹാൽ തൊടുത്ത ഷോട്ടാണ് ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറിയത്. ഫിലിപ് മിർയാക്കാണ് ഗോളിന് വഴിയൊരുക്കിയത്.
മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ കോഴിക്കോട്ടുകാരൻ ലിയോൺ അഗസ്റ്റിനാണ് രണ്ടാം ഗോൾ നേടിയത്. റിക്കി ഷബോങ് നൽകിയ ത്രൂബോലാണ് താരം ലക്ഷ്യത്തിലെത്തിച്ചത്. ഇഞ്ച്വറി ടൈമിൽ രവികുമാറിന്റെ സെൽഫ് ഗോളിലൂടെ ഒഡിഷ പരാജയഭാരം കുറച്ചു. ആദ്യ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് ഇതേ സ്കോറിന് തോൽപ്പിച്ചിരുന്നു.
മത്സരത്തിൽ ആദ്യ ഗോൾ നേടിയ നിഹാൽ സുധീഷ്‍, ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ പരിക്കേറ്റ് രണ്ടു മാസത്തേക്ക് പുറത്തായ ലൂക്കാ മജ്സെന്റെ ജഴ്സി ഉയർത്തിക്കാട്ടിയാണ് ഗോൾനേട്ടം ആഘോഷിച്ചത്. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച പഞ്ചാബ് ആറു പോയന്‍റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ബംഗളൂരു എഫ്.സിയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.