ബംഗളൂരു: ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്ക് തുടർച്ചയായ മൂന്നാം ജയം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ മോഹൻ ബഗാനെ എതിരില്ലാത്ത മൂന്നുഗോളിന് മുക്കി. എഡ്ഗാർ മെന്റസ്, സുരേഷ് സിങ് വാങ്ജം, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. കളിച്ച മൂന്നു മത്സരത്തിലും ക്ലീൻ ജയം നേടിയ ബംഗളൂരു പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ഛേത്രി ഐ.എസ്.എല്ലിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ എന്ന നേട്ടം സ്വന്തമാക്കി. 152 മത്സരങ്ങളിൽനിന്ന് 64 ഗോളാണ് സമ്പാദ്യം. 63 ഗോളുമായി ബർതലോമിയോ ഓഗ്ബച്ചെയാണ് രണ്ടാമത്.
ഒമ്പതാം മിനിറ്റിൽ ബംഗളൂരു ലീഡെടുത്തു. ആൽബർട്ടോ നൊഗുവേരയുടെ കിക്ക് ബോക്സിൽ നിഖിൽ പൂജാരി തലകൊണ്ട് ചെത്തിയിട്ടപ്പോൾ എഡ്ഗാർ മെന്റസ് അവസരം പാഴാക്കിയില്ല (1-0). 20ാം മിനിറ്റിൽ വലതുവിങ്ങിൽ നിഖിൽ പൂജാരി തട്ടിനൽകിയ പന്തുമായി നീങ്ങിയ എഡ്ഗാർ ബോക്സിന് പുറത്തുനിന്ന് നൽകിയ പാസ് ഛേത്രിയിലേക്ക്. ഛേത്രിയുടെ ഫസ്റ്റ് ടച്ചിൽ ഫ്രീയായ പന്തിലേക്ക് പാഞ്ഞടുത്ത സുരേഷ് സിങ് വാങ്ജം തൊടുത്ത ഷോട്ട് വലകുലുക്കി (2-0). 51ാം മിനിറ്റിൽ മൂന്നാം ഗോളും വീണു. എഡ്ഗാറിനെ ബോക്സിൽ വീഴ്ത്തിയ ദീപേന്ദു ബിശ്വാസിന്റെ പിഴവിന് പെനാൽറ്റി ശിക്ഷ. കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല (3-0).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.