കൊച്ചി: ഇത്തവണ വിട്ടുകൊടുത്തില്ല, പകരം വിജയമിങ്ങെടുത്തു; ഐ.എസ്.എൽ സീസണിലെ ആദ്യ മത്സരത്തിലുണ്ടായ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് കൊടുങ്കാറ്റ് തീർത്തപ്പോൾ രണ്ടാം കളിയിൽ ജയം സുന്ദരമായി മഞ്ഞപ്പടക്കൊപ്പം. ഈസ്റ്റ് ബംഗാൾ എഫ്.സിയെ 2-1 ഗോളിന് സ്വന്തം തട്ടകമായ കൊച്ചി സ്റ്റേഡിയത്തിൽ കീഴടക്കിയപ്പോൾ മഞ്ഞപ്പട ആർത്തലറി, ഒപ്പം കരഞ്ഞു. എന്നാൽ, തിരുവോണ രാവിലെ ആദ്യ പരാജയത്തിൽ ഉതിർന്നുവീണ കണ്ണീരായിരുന്നില്ല അത്, മറിച്ച് സന്തോഷം കൊണ്ട് ഗാലറിയും നിറഞ്ഞൊഴുകുകയായിരുന്നു മഞ്ഞക്കൂട്ടമൊന്നാകെ. ബ്ലാസ്റ്റേഴ്സിനു വേണ്ടി നോഹ് സദൗയി, ക്വാമെ പെപ്ര എന്നിവർ വിജയഗോൾ സ്വന്തമാക്കിയപ്പോൾ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ പി.വി. വിഷ്ണുവിന്റെ വകയായിരുന്നു.
തീപിടിപ്പിച്ച ചടുലനീക്കങ്ങളാൽ സമൃദ്ധമായിരുന്നെങ്കിലും ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ആരാധകർ ചെറിയ നിരാശയിലായിരുന്നു. എന്നാൽ, കളിയെല്ലാം മാറിമറിയുന്ന കാഴ്ചയാണ് രണ്ടാം പകുതിയുടെ തുടക്കം മുതൽ കളത്തിൽ ദൃശ്യമായത്. രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ടീമിൽ പകരക്കാരനായി എത്തി, രണ്ടാം മിനിറ്റിൽ തന്നെ മലയാളി താരം പി.വി. വിഷ്ണു ഗോളുതിർത്തതോടെ സ്റ്റേഡിയത്തിലെ ബംഗാൾ ആരാധകർ ഇളകിമറിഞ്ഞു, ഒപ്പം തലകുനിച്ച് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മഞ്ഞപ്പടയും. നയോറാം മഹേഷിന് പകരക്കാരനായി എത്തിയ വിഷ്ണുവിന് സന്ദീപ് സിങ്ങിന്റെ കാലിൽ നിന്ന് പന്ത് തട്ടിയെടുത്ത് കുതിച്ച ദിമി നൽകിയ ക്രോസ് ഗോളിലേക്ക് തിരിച്ചുവിടാൻ വലിയ പ്രയാസമുണ്ടായില്ല. ഈസ്റ്റ് ബംഗാൾ 1-0 ത്തിന് മുന്നിൽ നിൽക്കെ, മിനിറ്റുകൾക്കപ്പുറം ഗോൾ തിരിച്ചുനൽകാൻ ബ്ലാസ്റ്റേഴ്സിന് കാര്യമായ പ്രയാസമുണ്ടായില്ല. മഞ്ഞപ്പടയുടെ സ്വന്തം നോഹ് സദൗയിയാണ് 63ാം മിനിറ്റിൽ ബംഗാളിന്റെ ഗോളി പ്രഭുസുഖൻ ഗില്ലിന്റെ കാലുകൾക്കിടയിലൂടെ പോസ്റ്റിലേക്ക് കിടിലനൊരു ഗോൾ തൊടുത്തുവിട്ടത്. സ്കോർ 1-1. പിന്നീട് ആക്രമിച്ചും പ്രത്യാക്രമിച്ചും മുന്നേറുന്നതിനിടെ 88ാം മിനിറ്റിൽ മഞ്ഞപ്പടയുടെ ആവേശം ഉച്ചസ്ഥായിയിലാക്കി രണ്ടാം പകുതിയിലെ പകരക്കാരൻ ക്വാമെ പെപ്ര ബംഗാൾ വല കുലുക്കിയത്.
ആദ്യ തോൽവിയിൽ നിന്ന് പാഠമുള്‍ക്കൊണ്ട് ചില നിര്‍ണായക മാറ്റങ്ങളുമായിട്ടാണ് മൈക്കൽ സ്റ്റാറേ ബ്ലാസ്റ്റേഴ്സിനെ ഞായറാഴ്ച ആദ്യപകുതിയിൽ മൈതാനത്തിറക്കിയത്. മുന്നേറ്റ നിരയില്‍ നിന്ന് ക്വാമെ പെപ്രയെ പുറത്തിരുത്തി, പകരം നോഹ സദൗയിക്കൊപ്പം ജീസസ് ജെമിനിസിനെ അവതരിപ്പിച്ചു. മധ്യനിരയില്‍ നിന്ന് ഫ്രെഡിയെയും മുഹമ്മദ് ഐമനെയും പിന്‍ലിച്ച് മലയാളിതാരം വിബിന് മോഹനനും ഡാനിഷ് ഫറൂഖിനും അവസരം നല്കി. പ്രതിരോധനിരയില്‍ നിന്ന് മറ്റൊരു മലയാളി താരം മുഹമ്മദ് സഹീഫിനെ പിന്‍വലിച്ച് സന്ദീപ് സിങ്ങിനും ആദ്യ ഇലവനില്‍ അവസരം ലഭിച്ചു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട സൂപ്പർ താരം ദിമിത്രിയോസ് ഡയമൻറക്കോസിന് പ്രധാന സ്ട്രൈക്കറുടെ റോൾ നല്‍കിയാണ് ഈസ്റ്റ് ബംഗാള്‍ ഇറങ്ങിയത്. ദിമിയെ കൂടാതെ, കൊച്ചിയുടെ കളിക്കളമറിയുന്ന മൂന്നു മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളെയും ഈസ്റ്റ് ബംഗാൾ ആദ്യ ഇലവനിൽ ഇറക്കി. ഈ വര്‍ഷം പകുതി വരെ മഞ്ഞപ്പടയിലുണ്ടായിരുന്ന ജീക്സണ് സിങ്, ഗോള്‍കീപ്പര്‍ പ്രഭുസുഖന്‍ ഗില്‍, നയോറം മഹേഷ് എന്നിവരെയും 'സൈക്കോളജിക്കൽ മൂവി'െൻറ ഭാഗമായി ഇറക്കി.
രണ്ടാം പകുതിയിൽ ജെമിനിസിനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് പെപ്രയെ ഇറക്കിയത് മികച്ച തീരുമാനമായെന്ന് മിനിറ്റുകൾക്കകം ഗോൾ സമ്മാനിച്ച് താരം തെളിയിച്ചു. ബംഗാൾ ടീമിൽ ജീക്സൺ സിങ് കയറിയപ്പോൾ സൗവിക് ചക്രബർത്തിയും പകരക്കാരനായി എത്തി.
പഞ്ചാബ് എഫ്.സിക്കെതിരായി നടന്ന സീസണിലെ അരങ്ങേറ്റ മത്സരത്തിൽ തീർത്തും പതിഞ്ഞ താളത്തിലായിരുന്നു കളി തുടങ്ങിയതും മുന്നേറിയതുമെല്ലാം. എന്നാൽ, മൈക്കൽ സ്റ്റാറേ തന്റെ ശിഷ്യൻമാർക്ക് പകർന്നുനൽകിയ പുതിയ തന്ത്രങ്ങളും അടവുകളും ഇത്തവണ കളി ചടുലവും ദ്രുതഗതിയിലുള്ളതുമാക്കി. ബ്ലാസ്റ്റേഴ്സ് നെടുംതൂണായ ക്യാപ്റ്റൻ അഡ്രിയൻ ലൂണ രണ്ടാം കളിയിലും ഇല്ലാത്തതിനാൽ വൈസ് ക്യാപ്റ്റൻ മിലോസ് ഡ്രിൻസിച്ചാണ് ടീമിനെ നയിച്ചത്.
നോഹ സദോയും ജീസസ് ജെമിനസ് നൂനസും ആയിരുന്നു മഞ്ഞപ്പടയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാന്‍ പിടിച്ചത്. കളിയുടെ ആദ്യ പത്തു മിനിറ്റില്‍ തന്നെ രണ്ട് കോര്‍ണറുകള്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ചു.
ഒന്നാം മിനിറ്റില്‍ തന്നെ ബോക്സിന് 30വാര അകലെ നിന്ന് കിട്ടിയ ഫ്രീകിക്കോടെ കളിയുടെ തുടക്കം തന്നെ ഗംഭീരമായിരുന്നു. പിന്നാലെ ലഭിച്ച കോര്‍ണറില്‍ കിക്കില്‍ മദീഹ് തലാലിന്റെ മികച്ചൊരു ഷോട്ട് നേരിയ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിലുരുമ്മി പുറത്തേയ്ക്ക് നീങ്ങി. വൈകാതെ, രാഹുൽ കെ.പിയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി. ബോക്സിലേക്ക് ഓടിയെത്തി രാഹുല്‍ നല്കിയ ക്രോസ് സ്വീകരിക്കാന്‍ ആരുമില്ലായിരുന്നു. നിമിഷങ്ങൾക്കകം നോഹ സദൗയിയും പന്തുമായി എതിർപോസ്റ്റിനടുത്തേക്ക്. സദൗയിയിൽ നിന്നു കിട്ടിയ പന്ത് ജിമെനസ് ബംഗാള്‍ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും പോസ്റ്റിലിടിച്ച് മടങ്ങിയത് ഗാലറിയെ നിരാശയിലാഴ്ത്തി.
മറുവശത്ത് ദിമിത്രിയോസിനെ കൃത്യമായി ബ്ലോക്ക് ചെയ്ത പ്രീതം കോട്ടാലും ക്യാപ്റ്റന്‍ മിലോസ് ഡ്രിന്‍സിച്ചും സന്ദർശകരുടെ ആക്രമണങ്ങള്‍ തടഞ്ഞുകൊണ്ടേയിരുന്നു. 19-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധകോട്ട പൊട്ടിച്ച് ബംഗാൾ ആക്രമണമുണ്ടായെങ്കിലും വിഫലമായി. മധ്യനിരതാരം നന്ദകുമാര്‍ ശേഖറിന്റെ ഗോളവസരം ഏറെ പാടുപെട്ടാണ് ഗോളി സച്ചിന് സുരേഷ് തട്ടിയകറ്റിയത്. കളിയിലുടനീളം നിരവധി ഗോളവസരങ്ങൾ സമാനമായി സച്ചിൻ സുരേഷ് തടുത്തുനിർത്തിയപ്പോൾ സ്റ്റേഡിയം ആർത്തുവിളിച്ചു. 25000ത്തിനടുത്ത് വരുന്ന കാണികളിൽ ഭൂരിഭാഗവും ബ്ലാസ്റ്റേഴ്സ് ആരാധകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.