കളി കൈവിട്ട് ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനോട് തോറ്റത് 4-2ന്; രണ്ടു താരങ്ങൾക്ക് ചുവപ്പ് കാർഡ്

കൊച്ചി: ഐ.എസ്.എൽ പ്ലേ ഓഫിൽ കടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം പ്രതീക്ഷിച്ചെത്തിയ ആരാധകർക്ക് വീണ്ടും നിരാശ. പതിവ് പോലെ ലീഡ് പിടിച്ച ശേഷം പിറകിൽ പോയ മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനോട് 2-4ന്റെ തോൽവി ഏറ്റുവാങ്ങി. കളിക്കൊപ്പം കൈയാങ്കളിയും അരങ്ങേറിയ പോരിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജീക്സൺ സിങ്ങും നാവോച സിങ്ങും ചുവപ്പ് കാർഡ് കണ്ട് മടങ്ങി. മഞ്ഞക്കാർഡ് വാങ്ങിയ ഹോർമിപാം സിങ്ങിന് അടുത്ത മത്സരത്തിൽ ഇറങ്ങാനുമാവില്ല. 20 മത്സരങ്ങളിൽ 30 പോയന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തന്നെ. 21 പോയന്റോടെ ഏഴാം സ്ഥാനത്തേക്ക് കയറിയ റെഡ് ആൻഡ് ഗോൾഡ് സംഘം പ്ലേ ഓഫ് സാധ്യത സജീവമാക്കി.

4-4-2 ഫോർമേഷനിലാണ് ഇവാൻ വുകമനോവിച് ടീമിനെ ഇറക്കിയത്. പ്രതിരോധത്തിൽ ഹോർമിപാം സിങ്ങും മധ്യനിരയിൽ ജീക്സൺ സിങ്ങും ഡൈസുകെ സിങ് സകായിയും മുന്നേറ്റത്തിൽ ഫെഡോർ സെർനിച്ചും ആദ്യ ഇലവനിൽ ഇറങ്ങി. കളിയുടെ മൂന്നാം മിനിറ്റിൽത്തന്നെ ഈസ്റ്റ് ബംഗാളിന് ഗോൾ അവസരം. ബോക്സിന് നടുവിൽ നിന്ന് സയാൻ ബാനർജിയുടെ ക്രോസ്. പന്ത് പൂർണമായും വരുതിയിലാക്കാൻ ബ്ലാസ്റ്റേഴ്സ് ഗോളി കരൺജിത്തിന് കഴിഞ്ഞില്ല. റീബൗണ്ട് ചെയ്ത പന്ത് വലയിലാക്കാനുള്ള സോൾ ക്രെസ്പോയുടെ ശ്രമവും തടയപ്പെട്ടു. പത്താം മിനിറ്റിൽ ക്ലീറ്റൻ സിൽവയും കരൺജിത്തിനെ പരീക്ഷിച്ചു. 13ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി നാവോറം മഹേഷ് സിങ്ങിനെ ഫൗൾ ചെയ്തതിന് ഹോർമിപാമിന് മഞ്ഞക്കാർഡ്. താരത്തിന് അടുത്ത മത്സരം നഷ്ടമാവും.

 കളിയുടെ ഗതിക്ക് വിപരീതമായി 24ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡ് പിടിച്ചു. ത്രൂബാളിലേക്ക് ഓടിക്കയറി ബോക്സിലെത്തിയ സെർനിച്ച് ഈസ്റ്റ് ബംഗാൾ ഡിഫൻഡറെയും മറികടക്കവെ അഡ്വാൻസ് ചെയ്ത് കുതിച്ചെത്തിയ പ്രഭ്സുഖൻ ഗില്ലിന് പിഴച്ചു. ആളില്ലാ പോസ്റ്റിലേക്ക് സെർനിച്ചിന്റെ ഷോട്ട്. ഗോൾ വീണതോടെ കളിമുറുകവെ 45ാം മിനിറ്റിൽ ജീക്സൺ പുറത്തേക്ക്. എതിർതാരത്തെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡും കണ്ട് താരം കരക്ക് കയറി. നാല് മിനിറ്റ് ആഡ് ഓൺ ടൈമിൽ ബ്ലാസ്റ്റേഴ്സിന് മറ്റൊരു ആഘാതം. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വിഷ്ണുവിനെ ചെറുക്കാൻ ശ്രമിച്ച ഗോളി കരൺജിതിന്റെ നടപടിയിൽ റഫറിയുടെ പെനാൽറ്റി വിസിൽ. കിക്ക് ക്രെസ്പോ അനായാസം ഗോളാക്കി സമനില പിടിച്ചു.

രണ്ടാം പകുതിയിൽ ദിമിത്രിയോസ് ഡയമന്റകോസിനെ പിൻവലിച്ച് മുഹമ്മദ് അസ്ഹറിനെ ഇറക്കി. മഹേഷും ക്ലീറ്റനും നിഷുകുമാറും മഞ്ഞപ്പടയുടെ പ്രതിരോധനിരക്ക് പണിയുണ്ടാക്കിക്കൊണ്ടിരുന്നു. 58ാം മിനിറ്റിൽ ക്രെസ്പോയുടെ ശ്രമം ലെസ്കോവിച് ചെറുത്തു. 61ാം മിനിറ്റിൽ ഡൈസൂകെ സകായിയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിയതോടെ ഗാലറിയിൽ വീണ്ടും നിരാശ. 71ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളിയുടെയും ഡിഫൻഡർമാരുടെയും പിഴവിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ. പന്ത് വരുതിയിലാക്കിയ സി.കെ അമൻ ബോക്സിൽ വെച്ച് ക്രെസ്പോക്ക് നൽകി. താരത്തിന്റെ ഫസ്റ്റ് ടൈം ഫിനിഷ്. 74ാം മിനിറ്റിൽ അമന്റെ മുഖത്ത് തലകൊണ്ടിടിച്ച് നാവോച സിങ് രണ്ടാം മഞ്ഞക്കാർഡും ചുവപ്പും കണ്ടു. 82ാം മിനിറ്റിൽ സകായിയുടെ സെൽഫ് ഗോൾ ബ്ലാസ്റ്റേഴ്സിനെ 1-3ന് പിറകിലാക്കി. മഹേഷിന്റെ ശ്രമം ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്യാൻ ശ്രമിച്ചത് വിനയായി. 84ൽ ഈസ്റ്റ് ബംഗാൾ താരം ഹിജാസി വര സെൽഫ് ഗോളെത്തിയതോടെ 2-3. മഹേഷ് ഒടുവിൽ ലക്ഷ്യം കണ്ടു. 87ാം മിനിറ്റിലായിരുന്നു മഹേഷിലൂടെ ബംഗാൾ സംഘത്തിന്റെ നാലാം ഗോൾ

Tags:    
News Summary - ISL: East Bengal beat Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.