പനജി: ഐ.എസ്.എലിലെ ഗോളും ലീഡും ഇരുവശത്തും കയറിയിറങ്ങിയ ആവേശപ്പോരാട്ടത്തിൽ ഗംഭീര ജയം കുറിച്ച് ഗോവ. േപ്ലഓഫിൽനിന്ന് നേരത്തെ പുറത്തായ ഉരുക്കുനഗരക്കാരെ രണ്ടിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തിയ ഗോവക്കാർ ഇതോടെ പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒരു പോയിന്റ് കുറച്ചുകളിച്ച മോഹൻ ബഗാനൊപ്പം 42 പോയിന്റാണ് ടീമിന്റെയും സമ്പാദ്യമെങ്കിലും ഗോൾശരാശരി കൊൽക്കത്തക്കാർക്ക് അനുകൂലമാണ്.
അവസാന കളികളിൽ താരതമ്യേന മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ഗോവ എതിരാളികളുടെ തട്ടകത്തിൽ ബൂട്ടുകെട്ടിയിരുന്നത്. ആദ്യം ലീഡെടുത്തത് ജംഷഡ്പൂരാണ്. 17ാം മിനിറ്റിൽ റീ ടെക്കികാവ നൽകിയ ലീഡിന് പക്ഷേ, നാലു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായുള്ളൂ. നോഹ് സദാവൂയി സമനില ഗോൾ കുറിച്ച് വൈകാതെ കാർലോസ് മാർടിനെസ് 28ാം മിനിറ്റിൽ ഗോവയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ സീമിൻലെൻ ഡൂംഗൽ ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചതോടെ കളി വീണ്ടും ചൂടുപിടിച്ചു. ഇഞ്ച്വറി സമയത്ത് ബോർയ ഹെരേരയാണ് ഗോവയെ ജയിപ്പിച്ച ഗോൾ കുറിച്ചത്. പൊസഷനിലും ഗോളവസരങ്ങളിലും ഒരു പണത്തൂക്കം മുന്നിൽനിന്ന ഗോവക്കു തന്നെയായിരുന്നു കളിയിൽ മേൽക്കൈ. പോയിന്റ് പട്ടികയിൽ നിലവിൽ മുംബൈ സിറ്റിയാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.