കൊച്ചി: ഐ.എസ്.എൽ ഏഴാം സീസൺ നടത്തിപ്പിന് ഫസ്റ്റ് ചോയ്സ് കേരളം തന്നെ. കൊച്ചി, കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കളി സംഘടിപ്പിക്കാൻ പ്രാഥമിക സാധ്യത പരിശോധന നടക്കുന്നു.
ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെൻറ് ലിമിറ്റഡിെൻറ (എഫ്.എസ്.ഡി.എൽ) സപ്പോർട്ടിങ് സ്റ്റാഫാണ് പരിശോധകരെന്ന് കേരള ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. ഈമാസം അവസാനത്തോടെ വേദി, തീയതി എന്നിവയിൽ തീരുമാനമാകും.
കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ താരതമ്യേന സുരക്ഷിത സംസ്ഥാനങ്ങളായ കേരളത്തിനും ഗോവക്കുമാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 നടത്തിപ്പിന് എഫ്.എസ്.ഡി.എൽ മുൻഗണന നൽകിയത്. ഇതിൽ കൂടുതൽ സാധ്യത കൽപിച്ചിരുന്നത് ഗോവക്കായിരുന്നുവെങ്കിലും അവിടുത്തെ സർക്കാറിെൻറ അനുമതി ലഭിക്കുന്നതിൽ ചില പ്രശ്നങ്ങൾ നേരിടുന്നതായി അറിയുന്നു.
രണ്ട് സംസ്ഥാനങ്ങളിലെ പല സ്റ്റേഡിയങ്ങളിലായി നവംബറിൽ സീസൺ ആരംഭിക്കാനാണ് ജൂലൈയിൽ നടത്തിയ ക്ലബ് പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ, ടൂർണമെൻറ് അതിലും നീളാനാണ് സാധ്യത. നവംബറിൽ കളി തുടങ്ങണമെങ്കിൽ ഒക്ടോബറിൽ പ്ലാനിങ് മുഴുവൻ പൂർത്തിയാകണം. സെപ്റ്റംബറിൽ കോവിഡ് വ്യാപനം ഉന്നതിയിൽ എത്തുമെന്ന റിപ്പോർട്ടുകൾ വരുന്നതിനാൽ നവംബറിൽ സീസൺ തുടങ്ങാനാകുെമന്ന പ്രതീക്ഷക്ക് മങ്ങലേറ്റിട്ടുണ്ട്.
താരങ്ങളുടെ ക്വാറൻറീനും പരിശീലനവും തന്നെ ഒരുമാസത്തെ കാലയളവ് ആവശ്യമായ പ്രക്രിയയാണ്. കൂടാതെ സാമ്പത്തികവും കളിക്കാരുടെ സുരക്ഷിതത്വവും ടൂർണമെൻറ് നടത്തിപ്പിന് വെല്ലുവിളി സൃഷ്ടിക്കുന്നു. ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ടീം ഒന്നടങ്കം ക്വാറൻറീനിൽ പോകേണ്ടിവരും.
കൊച്ചി, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എങ്കിലും കോവിഡ് വ്യാപനം നിയന്ത്രണവിധേയമായാൽ കേരളത്തിന് കണ്ണുംപൂട്ടി കളി നടത്താൻ തയാറെടുക്കാം. മഞ്ചേരി ഫ്ലഡ്ലിറ്റ് സ്റ്റേഡിയം മാച്ചിന് സജ്ജമാണെന്നാണ് വിലയിരുത്തൽ.
എന്നാൽ, 10 കിലോമീറ്റർ പരിധിയിൽ എങ്കിലും നാലോ അഞ്ചോ ടീമുകൾക്ക് താമസിക്കാൻ പറ്റിയ ഹോട്ടൽ സൗകര്യം ഇല്ലാത്തതാണ് മഞ്ചേരിക്ക് തിരിച്ചടിയാകുന്നത്. ഇതിനു പരിഹാരം കാണാനും ശ്രമം നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.