കൊച്ചി: ഐ.എസ്.എല്ലിൽ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ മൂന്നിനെതിരെ നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമിത്രിയോസ് ഡയമന്‍റക്കോസും മോഹൻ ബഗാന് വേണ്ടി അർമാൻഡോ സാദികുവും രണ്ട് ഗോൾ വീതം നേടി.
ഗാലറിയിൽ തിങ്ങിനിറഞ്ഞ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിശ്ശബ്ദരാക്കിക്കൊണ്ട് മത്സരത്തിന്‍റെ നാലാംമിനിറ്റിൽ തന്നെ മോഹൻ ബഗാൻ മുന്നിലെത്തി. അർമാൻഡോ സാദിക്കുവാണ് ഗോൾ നേടിയത്. ആദ്യപകുതിയിൽ ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞ് ശ്രമിച്ചിട്ടും ലക്ഷ്യത്തിലെത്തിയില്ല. അതിനിടെ മികച്ച നീക്കങ്ങളുമായി മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിക്കുകയും ചെയ്തു.
രണ്ടാം പകുതിയിൽ അടിക്ക് തിരിച്ചടിയെന്നോണം ഗോളുകൾ വീഴുന്ന കാഴ്ചക്കാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷിയായത്. 54ാം മിനിറ്റിൽ ഗാലറി കാത്തിരുന്ന ഗോൾ വിബിൻ മോഹനിലൂടെയെത്തി. 1-1ന് ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പം. എന്നാൽ, സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ആറ് മിനിറ്റിനകം അർമാൻഡോ സാദികുവിന്‍റെ രണ്ടാംഗോൾ. മോഹൻ ബഗാൻ 2-1ന് മുന്നിൽ. വിട്ടുകൊടുക്കാതെ പൊരുതിയ ബ്ലാസ്റ്റേഴ്സ് മൂന്ന് മിനിറ്റിനകം ഗോൾ മടക്കി. ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ വകയായിരുന്നു ഉഗ്രനൊരു ഗോൾ. 63ാം മിനിറ്റിൽ സ്കോർ 2-2 ആയി. എന്നാൽ, ആക്രമണം തുടർന്ന സന്ദർശകർ 68ാം മിനിറ്റിൽ മൂന്നാംഗോൾ നേടി. ദീപക് ടാൻഗ്രിയാണ് ഇത്തവണ സ്കോർ ചെയ്തത്. ഇൻജുറി സമയത്തിന്‍റെ ഏഴാംമിനിറ്റിൽ ജേസൺ കമ്മിങ്സ് നാലാം ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വീണ്ടും നിരാശ. സ്കോർ 4-2. കളി തീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ഡയമന്‍റക്കോസ് തന്‍റെ രണ്ടാംഗോളിലൂടെ ടീമിന്‍റെ പരാജയ ഭാരം കുറച്ചു. 4-3ന് മോഹൻ ബഗാന് വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.