കൊൽക്കത്ത: സാൾട്ട് ലേക്കിലേക്ക് ഒഴുകിയെത്തിയ ഈസ്റ്റ് ബംഗാൾ ആരാധകരെ നിരാശരാക്കി ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാരവം. ഒന്നിനെതിരെ രണ്ടു ഗോളിന് കളി ജയിച്ച മഞ്ഞപ്പട 13 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കും കയറി. 32ാം മിനിറ്റിൽ ഡൈസുകെ സകായിയും 88ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റകോസുമാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്. ജഴ്സിയൂരി ഗോളാഘോഷിച്ച ഡയമന്റകോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സചിൻ സുരേഷും ഹീറോയായി. 84ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ താരം ക്ലീറ്റൻ സിൽവ എടുത്ത പെനാൽറ്റി കിക്ക് സചിൻ തടുത്തിട്ടെങ്കിലും ഗോളി മുന്നിലേക്ക് കയറിയെന്ന് കണ്ടെത്തി റഫറി വീണ്ടും കിക്കെടുക്കാൻ നിർദേശം നൽകി. ഇതും സചിൻ സേവ് ചെയ്യുകയായിരുന്നു. കളിതീരാൻ നേരം സിൽവ (90+7) പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആതിഥേയർക്കായി ഒരു ഗോൾ മടക്കി.
കഴിഞ്ഞ മത്സരത്തിൽ ഒഡിഷ എഫ്.സിക്കെതിരെ ഗോൾ നേടിയ ദിമിത്രിയോസ് ഡയമന്റകോസിനെ ആദ്യ ഇവനിൽ കൊണ്ടുവന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്. ഈസ്റ്റ് ബംഗാൾ നിരയിൽ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് കളമുണർന്നത്. രണ്ടാം മിനിറ്റിലെ ക്രോസിൽ ക്വാമെ പെപ്ര കൃത്യമായി തലവെച്ചിരുന്നെങ്കിൽ മഞ്ഞപ്പട മുന്നിലെത്തിയേനെ. പിന്നാലെ ബോക്സിൽ ആതിഥേയ താരം നാവോറം മഹേഷ് സിങ്ങിനെ പ്രീതം കോട്ടാൽ തടഞ്ഞു. പെപ്രക്ക് പിന്നെയും അവസരങ്ങൾ. ഇടക്ക് മഹേഷും നന്ദയും മഞ്ഞപ്പടയുടെ ഗോൾമുഖത്ത് അപകടം വിതറി. 28ാം മിനിറ്റിലെ കോർണർ കിക്ക്. സിവേരിയോ പന്ത് ഗോളിലേക്ക് തൊടുത്തെങ്കിലും ഓഫ് സൈഡായി. 32ാം മിനിറ്റിൽ ദൈസുകെയുടെ ഗോളെത്തി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയിൽനിന്ന് പന്ത് സ്വീകരിച്ച് ദൈസൂകയുടെ ഫിനിഷ്. ഗോളി പ്രഭ്ശുഖൻ ഗില്ലിനെ പരാജയപ്പെടുത്തി പന്ത് പോസ്റ്റിന്റെ വലതുമൂലയിലിറങ്ങി. സീസണിലെ ആദ്യ ഫസ്റ്റ് ഹാഫ് ഗോളായി ബ്ലാസ്റ്റേഴ്സിനിത്. 37ാം മിനിറ്റിൽ പെപ്ര ലോങ് ബാൾ സ്വീകരിച്ച് പോസ്റ്റിലേക്ക് തൊടുത്തത് ഗില്ലിന്റെ കൈകളിൽ. എട്ട് ഫൗളുകളും നാല് മഞ്ഞക്കാർഡുകളുമായി പരുക്കൻ കളിയായിരുന്നു ആദ്യ പകുതിയിലേത്.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ഈസ്റ്റ് ബംഗാൾ കളത്തിൽ മേധാവിത്വം പുലർത്തി. ഗോൾമടക്കാനായി അവർ അധ്വാനിച്ചുകൊണ്ടിരുന്നു. 55ാം മിനിറ്റിൽ ആതിഥേയരുടെ മനോഹര നീക്കം. ക്ലീറ്റൻ സിൽവ ബോക്സിൽ സിവേരിയോക്ക് നീട്ടി നൽകിയ പാസ് എത്തിയത് മഹേഷിൽ. ഫിനിഷിങ്ങിൽ പക്ഷേ പാളി. 61ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് മറ്റൊരു സുവർണാവസരം. മഹേഷിന്റെ പിൻപോയന്റ് ക്രോസിൽ സിവേരിയോ തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ ഗോൾ ഒഴിവായി. 79ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പെപ്രയെ പിൻവലിച്ച് കെ.പി രാഹുലിനെ ഇറക്കി.
കളി 80 മിനിറ്റ് പിന്നിട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ജയപ്രതീക്ഷകൾ സജീവമാകവെ നാടകീയ സംഭവവികാസങ്ങൾക്ക് സാൾട്ട് ലേക് സ്റ്റേഡിയം സാക്ഷിയായി. 83ാം മിനിറ്റിൽ മഹേഷിനെ തടയാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് ഗോളി സചിൻ സുരേഷിന്റെ ചെയ്തിയെ ഫൗളെന്ന് വിശേഷിപ്പിച്ച് പെനാൽറ്റി വിധിച്ചു റഫറി. സിൽവയാണ് കിക്കെടുത്തത്. ഇത് സചിൻ തടുത്തിട്ടെങ്കിലും ഗോളി ലൈനിന് പുറത്തേക്ക് കയറിയെന്ന് വ്യക്തമാക്കി വീണ്ടും കിക്കെടുക്കാൻ വിധി വന്നു. രണ്ടാമത്തെ കിക്കും സേവ് ചെയ്ത് ഹീറോയായി സചിൻ. 88ാം മിനിറ്റിൽ ബോക്സിൽ ഈസ്റ്റ് ബംഗാളുകാർ വരുത്തിയ വൻ അബദ്ധം ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കി. ആളില്ലാ ഗോൾമുഖത്ത് കിട്ടിയ പന്ത് ഉഗ്രൻ ഇടങ്കാലനടിയിൽ വലയിലാക്കി ഡയമന്റകോസ്. ഗോൾ നേട്ടം ജഴ്സി ഊരി ആഘോഷിച്ച രണ്ടാം മഞ്ഞക്കാർഡും ചുവപ്പും കണ്ട് പുറത്തേക്ക്. ആഡ് ഓൺ ടൈമിൽ സന്ദീപിന്റെ ഹാൻഡ്ബാളാണ് മറ്റൊരു പെനാൽറ്റി കിക്കിന് വഴിവെച്ചത്.
അതേസമയം, ഹൈദരാബാദ് എഫ്.സി-ബംഗളൂരു എഫ്.സി മത്സരം 1-1 സമനിലയിൽ കലാശിച്ചു. ഹൈദരാബാദ് ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 35ാം മിനിറ്റിൽ മുഹമ്മദ് യാസിറിലൂടെ ആതിഥേയർ മുന്നിലെത്തി. 58ാം മിനിറ്റിൽ റയാൻ വില്യംസ് ബംഗളൂരുനായി സമനില ഗോൾ സ്കോർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.