കഴിഞ്ഞ ദിവസം നടന്ന എ.ടി.കെ മോഹൻ ബഗാനുമായുള്ള ഐ.എസ്.എൽ മത്സരത്തിൽ 2-1ന്റെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. 1-1 എന്ന സ്കോറിന് ആദ്യപകുതിയിൽ ഇരുടീമുകളും തുല്യതയിൽ പിരിഞ്ഞുവെങ്കിലും രണ്ടാം പകുതിയിൽ നേടിയ ഗോളിന്റെ കരുത്തിൽ എ.ടി.കെ മോഹൻബഗാൻ വിജയം പിടിക്കുകയായിരുന്നു. തോൽവിക്ക് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്.
രാഹുലിന് ലഭിച്ച രണ്ടാം മഞ്ഞ കാർഡാണ് കളിയുടെ ഗതിമാറ്റിയതെന്ന് വുകോമനോവിച്ച് പറഞ്ഞു. ഞങ്ങൾ നല്ല കളിയായിരുന്നു കളിച്ചത്. കൃത്യമായി തന്ത്രങ്ങൾ ഗ്രൗണ്ടിൽ നടപ്പാക്കാനായി. കളിയുടെ നിയന്ത്രണവും ഞങ്ങൾക്കായിരുന്നു. എന്നാൽ, രാഹുലിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ ടീമിന്റെ താളംതെറ്റിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്ങനെയാണോ ഇന്നത്തെ മത്സരം കൈകാര്യം ചെയ്യാൻ ആഗ്രഹിച്ചത് അതേ പോലെ കളിക്കാനായി. തോൽവിയിൽ തീർച്ചയായും ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും അത് വല്ലാതെ ആശങ്കപ്പെടുത്തുന്നില്ലെന്ന് വുകോമനോവിച്ച് പറഞ്ഞു. ഹോം ഗ്രൗണ്ടിൽ ഒരു മത്സരം കൂടി ബാക്കിയിട്ടുണ്ട്. റഗുലർ സീസൺ മികച്ച രീതിയിൽ പൂർത്തിയാക്കി പ്ലേ ഓഫിലേക്ക് മുന്നേറുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.