കൊച്ചി: കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ ടീമിനെ ഗ്രൗണ്ടിൽനിന്ന് തിരിച്ചുവിളിച്ചതിന് അന്നത്തെ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് ഒരു കോടി രൂപ പിഴ ചുമത്തിയതായി കേരള ബ്ലാസ്റ്റേഴ്സ്. കായിക തർക്ക പരിഹാര കോടയിൽ നൽകിയ അപ്പീലിലാണ് ക്ലബ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റഫറിയുടെ വിവാദ തീരുമാനത്തിനു പിന്നാലെയാണ് ബംഗളൂരുവിനെതിരായ മത്സരം ബഹിഷ്‌കരിച്ച് കോച്ചും ടീമും ഗ്രൗണ്ട് വിട്ടത്. വാക്കൗട്ട് നടത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (എ.ഐ.എഫ്.എഫ്) അച്ചടക്ക സമിതി നാലു കോടി രൂപ പിഴ ചുമത്തിയിരുന്നു. കൂടാതെ, ഇവാന് പത്ത് മത്സരങ്ങളിൽ വിലക്കിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. സാധാരണ ടീമിനുള്ള പിഴ ക്ലബ് ഉടമകളാണു വഹിക്കാറുള്ളത്. എ.ഐ.എഫ്.എഫ് നടപടിക്കെതിരെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
കോർട്ട് ഓഫ് ആർബിട്രേഷനു നൽകിയ അപ്പീലിലാണ് പിഴ ചുമത്തിയ വിവരമുള്ളത്. ഈ അപ്പീൽ പിന്നീട് തള്ളിയിരുന്നു. വിഷയം ഗൗരവത്തോടെയാണ് കണ്ടതെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും ബ്ലാസ്റ്റേഴ്സ് നൽകിയ അപ്പീലിൽ പറയുന്നു. ആഭ്യന്തര അന്വേഷണത്തിനൊടുവിൽ ഇവാന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു കോടി രൂപ പിഴ ചുമത്തിയെന്നും അപ്പീലിലുണ്ട്.
ക്ലബിന്‍റെ നടപടി തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്റ്റേഴ്സ് അപ്പീൽ തള്ളിയത്. ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ ഭാവയിലെ മത്സരങ്ങളിലും ആവർത്തിക്കുമെന്ന് തർക്ക പരിഹാര കോടതി വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 26ന് ബ്ലാസ്റ്റേഴ്‌സ് പരിശീലന സ്ഥാനത്തുനിന്ന് ഇവാൻ ഒഴിഞ്ഞിരുന്നു. ക്ലബുമായുള്ള പരസ്പര ധാരണയുടെ പുറത്താണ് ഇവാൻ സ്ഥാനം ഒഴിഞ്ഞത്.
മൂന്ന് സീസണിൽ ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു ക്ലബ് വിട്ടത്. ഇവാൻ പരിശീലിപ്പിച്ച മൂന്നു തവണയും ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിലെത്തിയിരുന്നു. 2021ലാണ് അദ്ദേഹം ക്ലബിനൊപ്പം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.