മലപ്പുറം: പ്രതിരോധതാരം അനസ് എടത്തൊടിക ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ ജാംഷഡ്പുർ എഫ്.സിയുമായി കരാറിലേർപ്പെട്ടു. 2019-20 സീസണിൽ എ.ടി.കെ താരമായിരിക്കെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ അനസ്, ഒരു വർഷത്തിലധികമായി വിശ്രമത്തിലായിരുന്നു. ഐ.എസ്.എല്ലിലേക്കും ജാംഷഡ്പുരിലേക്കും തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രണ്ട് വർഷത്തേക്കാണ് കരാറെന്നും അദ്ദേഹം പറഞ്ഞു. നവംബറിൽ ആരംഭിക്കുന്ന 2021-22 സീസൺ ലക്ഷ്യമിട്ട് സെപ്റ്റംബറിൽ ടീമിനൊപ്പം ചേരും.
ഐ ലീഗിൽ മുംബൈ എഫ്.സി താരമായിരിക്കെയാണ് അനസ് ദേശീയ ഫുട്ബാളിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ പുണെ എഫ്.സിയിലേക്ക് മാറി ടീമിനെ നയിച്ചു. ഐ.എസ്.എല്ലിെൻറ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് അനസിനെ സ്വന്തമാക്കി. രണ്ടുവർഷം അവിടെ തുടർന്നു. ഇടക്ക് ഐ ലീഗ് കളിക്കാൻ മോഹൻ ബഗാനിലെത്തി. 2017ൽ സീസണിലെ വിലയേറിയ താരമായാണ് ജാംഷഡ്പുർ എഫ്.സി അനസിനെ വാങ്ങിയത്. അതേവർഷം ഇന്ത്യൻ ടീമിൽ അരങ്ങേറി. 2018-19ൽ കേരള ബ്ലാസ്റ്റേഴ്സിലായിരുന്നു. ശേഷം എ.ടി.കെയിലേക്ക് മാറിയെങ്കിലും സീസൺ അവസാനിക്കാനിരിക്കെ പരിക്ക് വിനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.