പനാജി: കളിച്ചും പരിശീലിപ്പിച്ചും നാട്ടുകാർക്കൊപ്പം വിദേശിപ്പടയും ആവേശം തീർത്ത ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി നോക്കൗട്ട് യുദ്ധത്തിന്റെ നാളുകൾ. കരുത്തും കളിയഴകും മൈതാനങ്ങളെ ത്രസിപ്പിച്ച പോരാട്ടങ്ങളിൽ മുന്നിൽനടന്ന നാലു ടീമുകളാണ് രണ്ടു പാദങ്ങളിലായി സെമി പോരാട്ടങ്ങളിൽ മുഖാമുഖം നിൽക്കുക. പട്ടികയിൽ ഒന്നാമതെത്തി ഷീൽഡ് ജേതാക്കളായ ജാംഷഡ്പുരിന് കേരള ബ്ലാസ്റ്റേഴ്സാണ് എതിരാളികളെങ്കിൽ എ.ടി.കെ മോഹൻ ബഗാന് ഹൈദരാബാദുമായാണ് പോരാട്ടം.
സമഗ്രാധിപത്യവുമായാണ് ഉരുക്കുനഗരക്കാരായ ജാംഷഡ്പുരുകാർ ഈ സീസണിൽ ഗ്രൂപ് പോരാട്ടങ്ങൾ അവസാനിപ്പിച്ചത്. 20 കളികളിൽ 43 പോയന്റാണ് ടീമിന്റെ സമ്പാദ്യം. നാലാമതായി നോക്കൗട്ട് കണ്ട ബ്ലാസ്റ്റേഴ്സിനെക്കാൾ ഒമ്പതു പോയന്റ് കൂടുതൽ. എന്നാൽ, അങ്ങനെയൊന്നുമായിരുന്നില്ല ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഭദ്രമായിരുന്നവർ.
ടീമിനെ വലച്ച് കോവിഡ് വന്നു വിളിച്ചതിൽപിന്നെ അപ്രതിരോധ്യമെന്നു തോന്നിച്ച ഒന്നാം സ്ഥാനവും അതുവരെ പുറത്തെടുത്ത കളിയും പതിയെ കൈവിടുകയായിരുന്നു. അവസാനഘട്ടത്തിൽ നടത്തിയ മാരത്തൺ ഓട്ടത്തിലാണ് മുംബൈയെ പിന്തള്ളി നോക്കൗട്ട് ടിക്കറ്റ് ഉറപ്പിക്കുന്നത്. ഉരുക്കു നഗരക്കാരെ വേറിട്ടവരാക്കുന്നത് സെറ്റ് പീസുകൾ വലയിലെത്തിക്കുന്നതിലെ മിടുക്കാണ്.
കൗണ്ടർ അറ്റാക്കിങ് മികവും എതിരാളികളെ ഞെട്ടിക്കുന്നത്. എന്നാൽ, അതുമാത്രമല്ല എതിരാളിയുടെ കരുത്തെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് വുകോമാനോവിച് പറയുന്നു. മറുവശത്ത്, സ്വപ്ന തുല്യമായ പടയോട്ടവുമായാണ് കളിയുടെ പാതി പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരുന്നത്. ഒറ്റക്കും കൂട്ടായും അവസരങ്ങൾ സൃഷ്ടിച്ച് ലക്ഷ്യം കാണാൻ മിടുക്കുകാണിച്ച മധ്യനിരയും സ്ട്രൈക്കർമാരും.
എതിരാളികൾ എത്ര കരുത്തരായാലും വലിയ മാർജിനിൽ വിജയം പിടിച്ചവർ. ഇടവേള കഴിഞ്ഞ് അവർ ഇപ്പോഴും അതേ കരുത്തോടെ നിലയുറപ്പിക്കുന്നുവെന്നതുതന്നെയാണ് മഞ്ഞപ്പടയുടെ ആരാധകർ കാത്തിരിക്കുന്നത്. ഈ സീസണിൽ ഇരു ടീമുകളും മുഖാമുഖം നിന്നതിൽ കേരളത്തിന് ജയിക്കാനായില്ലെന്നതാണ് ഒരു വെല്ലുവിളി. അവസാന മത്സരത്തിൽ വൻ മാർജിനിൽ തോൽവി വഴങ്ങുകയും ചെയ്തു. അതുതന്നെ ആവർത്തിക്കാനാകുമെന്നാണ് ജാംഷഡ്പുർ കാത്തിരിക്കുന്നത്. കേരളമാകട്ടെ, അതിന് മധുര പ്രതികാരവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.