ദോഹ: ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബാളിൽ കരുത്തരായ ജർമനിയെയും സ്പെയിനിനെയും കീഴടക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറിയ ജപ്പാൻ നിരയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഡിഫൻഡർ ഷോഗോ തനിഗുച്ചി ഖത്തറിലെ മുൻ നിര ക്ലബായ അൽ റയ്യാനിലേക്ക്. താരവുമായി കരാറൊപ്പിട്ട വിവരം അൽ റയ്യാൻ കഴിഞ്ഞദിവസം ഔദ്യോഗികമായി വെളിപ്പെടുത്തി.
ജപ്പാനിലെ പ്രമുഖ ടീമായ കവാസാക്കിയിൽനിന്നാണ് 31കാരനായ തനിഗുച്ചി അൽ റയ്യാനിലെത്തുന്നത്. പരിക്കേറ്റ ഫലസ്തീനിയൻ ഡിഫൻഡർ യാസർ ഹമദിന് പകരക്കാരനായാണ് തനിഗുച്ചിയുടെ വരവ്.
ജപ്പാൻ പ്രതിരോധനിരയിലെ വിശ്വസ്തനായ ഷോഗോ എട്ടു സീസണുകളിൽ കവാസാക്കിക്കൊപ്പം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഉൾപ്പെടെ ജാപ്പനീസ് ലീഗ് ജേതാക്കളായിരുന്നു കവാസാക്കി. ക്യൂ.എൻ.ബി സ്റ്റാർസ് ലീഗ് ചാമ്പ്യൻഷിപ്പിൽ ജനുവരി അഞ്ചിന് അൽ സൈലിയക്കെതിരെ ഖലീഫ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുകയാണ് അൽ റയ്യാൻ. കഴിഞ്ഞ തവണ ലീഗിൽ നിറം മങ്ങിയ പ്രകടനത്തെ തുടർന്ന് ചിലിയൻ കോച്ച് നിക്കോളാസ് കൊർഡോവയെയും പ്രമുഖ താരങ്ങളെയും അണിയിലെത്തിച്ച് കരുത്തുതെളിയിക്കാനൊരുങ്ങുകയാണ് അൽ റയ്യാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.