കൊച്ചി: യുവ മധ്യനിര താരം ജീക്‌സണ്‍ സിങ് തൗനോജം ക്ലബുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി അറിയിച്ചു. മൂന്നുവര്‍ഷത്തെ കരാര്‍ പ്രകാരം 2025 വരെ താരം ക്ലബില്‍ തുടരും. മണിപ്പൂരില്‍നിന്നുള്ള താരം, പരിശീലകനായ പിതാവിലൂടെയാണ് ഫുട്‌ബാള്‍ പരിചയപ്പെടുന്നത്. 11-ാം വയസ്സില്‍ ഛണ്ഡീഗഢ് ഫുട്‌ബാള്‍ അക്കാദമിയില്‍ ചേര്‍ന്നായിരുന്നു കരിയര്‍ തുടക്കം.
തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ അഞ്ച് വര്‍ഷത്തോളം ഇവിടെ താരം ചെലവഴിച്ചു. 2016ല്‍ മിനര്‍വ പഞ്ചാബിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. തുടര്‍ച്ചയായി രണ്ട് വര്‍ഷം എ.ഐ.എഫ്.എഫ് അണ്ടര്‍ 15, അണ്ടര്‍ 16 യൂത്ത് ലീഗ് കിരീടങ്ങള്‍ നേടിയ അക്കാദമി ടീമില്‍ നിര്‍ണായക താരമായി. 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച ജീക്‌സണ്‍ സിങ്, ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക ഗോള്‍ നേടി ചരിത്രം സൃഷ്ടിച്ചു.
2017-18 ലെഐലീഗില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടി വായ്പാ അടിസ്ഥാനത്തിലും കളിച്ചു. മികച്ച പ്രകടനം ഇരുപതുകാരന് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ് ടീമില്‍ ഇടം നേടിക്കൊടുത്തു. 2019ല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി 48 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകളും നേടി. 187 ടാക്കിള്‍, 35 ഇന്റര്‍സെപ്ഷന്‍ എന്നിവയും ജീക്‌സണിന്റെ അക്കൗണ്ടിലുണ്ട്.
തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ക്ലബുമായുള്ള ബന്ധം തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് ജീക്‌സണ്‍ സിങ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നതിന് തൊട്ടടുത്തെത്തിയെങ്കിലും അവസാനം അത് നഷ്ടമായി. വരും സീസണുകളില്‍ ക്ലബിനൊപ്പം വിജയം കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ജീക്‌സണ്‍ കൂട്ടിച്ചേർത്തു. ജീക്‌സണെ ടീമിൽ നിലനിർത്തിയതിൽ താന്‍ വളരെ സന്തോഷവാനാണെന്ന് കെ.ബി.എഫ്.സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.