സൗദിക്കെതിരായ പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയൻ ഗോൾകീപ്പർ ജോ ഹിയോൺ വൂയുടെ പ്രകടനം
ദോഹ: ചൊച്ചാഴ്ച സൗദി അറേബ്യയെ പരാജയപ്പെടുത്തി ദക്ഷിണ കൊറിയ ക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ രക്ഷകനായത് ഗോൾകീപ്പർ ജോ ഹിയോൺ വൂ ആയിരുന്നു. അധിക സമയവും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് ടീമിന്റെ രണ്ടാം ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ജോ രണ്ട് കിക്കുകളാണ് തടഞ്ഞിട്ടത്.
ടീമിന്റെ ഒന്നാം നമ്പർ കീപ്പറായ കിം സ്യൂങ്-ഗ്യു പരിക്കേറ്റ് ടൂർണമെന്റിൽനിന്ന് പുറത്തായതിനെ തുടർന്ന് രണ്ടാം മത്സരത്തിലാണ് കൊറിയക്ക് വേണ്ടി വല കാക്കാനുള്ള ചുമതല ജോയിലേക്കെുന്നത്. സൗദി സൂപ്പർ താരങ്ങളായ സാമി അൽ നാജിയുടെയും അബ്ദുറഹ്മാൻ ഗരീബിന്റെയും സ്പോട്ട് കിക്കുകളാണ് ജോ തടഞ്ഞത്. മത്സരത്തിൽ 4-2 എന്ന സ്കോറിന് ഗ്രീൻ ഫാൽക്കണുകളെ പരാജയപ്പെടുത്തി കൊറിയ അവസാന എട്ടിലേക്ക് പ്രവേശിച്ചു.
ആത്മവിശ്വാസം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും, പരിശീലകനാണ് ഇതിന് പിന്നിലെന്നും മത്സരശേഷം ജോ പറഞ്ഞു. മത്സരത്തിന് മുമ്പുള്ള പരിശീലന സമയത്ത് അദ്ദേഹം ഞങ്ങളുടെ അടുത്തെത്തി സ്വയം വിശ്വസിക്കാനാവശ്യപ്പെടുകയായിരുന്നു. അതാണ് ബാറിന് കീഴിൽ പ്രതിഫലിച്ചത് -ജോ പറഞ്ഞു. മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഈ ഉൽസാൻ എച്ച്.ഡി ഷോട്ട് സ്റ്റോപ്പറായിരുന്നു. ‘പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോൾ ഏറെ ആത്മവിശ്വാസത്തിലായിരുന്നു ഞാൻ. ടീമിനെ മുന്നോട്ട് നയിക്കാൻ എനിക്ക് സാധിക്കുമെന്ന വിശ്വാസവുമായാണ് ഷൂട്ടൗട്ടിലേക്ക് കടന്നതെന്നും ജോ കൂട്ടിച്ചേർത്തു. അടുത്ത റൗണ്ടിലെത്തിയതിൽ ഏറെ സന്തോഷിക്കുന്നു’ -അദ്ദേഹം സൂചിപ്പിച്ചു.
പരിശീലനത്തിൽനിന്നാണ് ആത്മവിശ്വാസമുണ്ടാകുന്നത്. പെനാൽറ്റി, സേവുകൾ, പെനാൽറ്റി ഷൂട്ടൗട്ടിലെ പ്രകടനം എന്നിവയിൽ കൂടുതൽ സമയം ചെലവഴിച്ചിരുന്നു. ഗോൾ കീപ്പിങ് കോച്ചായിരുന്നു ഇതിനെല്ലാം പ്രോത്സാഹനം നൽകിയിരുന്നത്. നിങ്ങളിൽ തന്നെ വിശ്വസിക്കൂ, എന്ത് തീരുമാനമെടുക്കുകയാണെങ്കിലും അത് ആത്മവിശ്വാസത്തോടെ ചെയ്യുക. അതാണ് ഞാൻ ചെയ്തത്. അടുത്ത ഒരു ഗെയിമിലും മറ്റൊരു ഷൂട്ടൗട്ടാണ് നേരിടാനുള്ളതെങ്കിലും അത് സമാനമായിരിക്കും’ -ക്വാർട്ടർ ഫൈനലിൽ വെള്ളയാഴ്ച ആസ്ട്രേലിയയെ നേരിടാനിരിക്കെ ജോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.