ദോഹ: ഇടിമിന്നലും പേമാരിയും തകർത്തു പെയ്ത രാത്രിപോലെയായിരുന്നു ദോഹയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം. മിന്നൽപ്പിണർ വേഗതയുള്ള നീക്കങ്ങളും, എതിരാളിയെ അമ്പരപ്പിക്കുന്ന കൗണ്ടർ അറ്റാക്കുമെല്ലാമായി അടിമുടി ആവേശം പകർന്ന പോരാട്ടം.
കിക്കോഫ് വിസിൽ മുതൽ ഇഞ്ചുറി ടൈമിലെ ലോങ് വിസിൽവരെ കളം ത്രസിപ്പിച്ച ഫുട്ബാൾ മത്സരക്കാഴ്ച സമ്മാനിച്ച പ്രീക്വാർട്ടറിനൊടുവിൽ കിരീട ഫേവറിറ്റെന്ന് വിശേഷിപ്പിച്ച ഇറാഖിനെ തരിപ്പണമാക്കി ജോർഡൻ ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിലേക്ക്.
കളിക്ക് ലോങ് വിസിൽ മുഴക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിലെ രണ്ടു മിനിറ്റിനുള്ളിലായിരുന്നു എല്ലാം സംഭവിച്ചത്. 2-1ന് ലീഡ് നേടി ആശ്വാസം കണ്ടെത്തിയ ഇറാഖിന്റെ വലയിലേക്ക് തുടരെത്തുടരെ രണ്ട് ഗോളുകൾ നിറയൊഴിച്ച് ജോർഡന്റെ ഗംഭീരമായ അട്ടിമറി. 2-3ന്റെ വിജയം..
ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ജോർഡനാണ് ആദ്യം വലകുലുക്കിയത്. മധ്യവരക്കടുത്തുനിന്നും ഇറാഖ് മധ്യനിരക്ക് സംഭവിച്ച മിസ് പാസിൽ പന്ത് റാഞ്ചിയെടുത്ത യാസൻ അൽ നഇമതിന്റെ കുതിപ്പിനെ പിന്തുടർന്ന് പിടിക്കാൻ ഇറാഖ് പ്രതിരോധനിരക്കായില്ല. മൂന്നുപേർ ഒപ്പം ഓടിയിട്ടും, തൊടാൻ കഴിയാത്ത വേഗത്തിലായിരുന്നു ഖത്തരി ക്ലബിന്റെ താരമായ യാസന്റെ കുതിപ്പ്. ഗോളിയെ ചിപ് ചെയ്ത് കീഴടക്കി വലകുലുക്കിയപ്പോൾ ഗാലറിയും കുലുങ്ങി.
രണ്ടാം പകുതിയിൽ, ഇരു നിരയും കൂടുതൽ ആവേശത്തോടെ ഉണർന്നു കളിച്ചപ്പോൾ കളിയും മുറുകി. പന്ത് ഇരു പകുതിയിലേക്കും കയറിയിറങ്ങിയപ്പോൾ എവിടെയും ഏതു നിമിഷവും ഗോൾ പിറക്കുമെന്നായിരുന്നു സീൻ. ഒടുവിൽ, 68ാം മിനിറ്റിൽ അലി ജാസിം ഇലൈബിയുടെ കോർണറിൽ നിന്നെത്തിയ പന്തിനെ സാദ് നാതിഖ് ഹെഡ്റിലൂടെ വലയിലാക്കി ഇറാഖിനെ ഒപ്പമെത്തിച്ചു.
76ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ അയ്മൻ ഹുസൈൻ മനോഹരമായ ഷോട്ടിലൂടെ വീണ്ടും വലകുലുക്കിയപ്പോൾ ഇറാഖ് മുന്നിലെത്തി. ഗോൾ നേട്ടത്തിനു പിന്നാലെയുള്ള ആഘോഷം തിരിച്ചടിയായ താരത്തിന് റഫറി മഞ്ഞ കാർഡും ഒപ്പം ചുവപ്പും നൽകി പുറത്താക്കിയതോടെ ഇറാഖിന് തിരിച്ചടിയായി.
ഇതിന്റെ ഫലം ഇഞ്ചുറി ടൈമിൽ കണ്ടു. അഞ്ചാം മിനിറ്റിൽ യസൻ അൽറാബിന്റെയും ഏഴാം മിനിറ്റിൽ നിസാർ മഹ്മൂദ് അൽ റഷ്ദാന്റെ ലോങ് റേഞ്ച് ഷോട്ടിലൂടെയും ലക്ഷ്യം കണ്ട ജോർഡൻ കളിയുടെ ഗതി നിമിഷ വേഗത്തിൽ തങ്ങൾക്കനുകൂലമാക്കി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.