വെംബ്ലി സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം തോൽവിയിൽനിന്ന് ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തി സൂപ്പർതാരം ജൂഡ് ബെല്ലിങ്ഹാം. രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബെൽജിയത്തിനെതിരെ ഇൻജുറി ടൈമിൽ ബെല്ലിങ്ഹാം നേടിയ ഗോളിൽ ഇംഗ്ലണ്ട് സമനില പിടിച്ചു. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്.
കഴിഞ്ഞദിവസം ബ്രസീലിനോട് ഏകപക്ഷീയമായ ഒരു ഗോളിന് വെംബ്ലിയിൽ ഇംഗ്ലണ്ട് തോറ്റിരുന്നു. ബെൽജിയത്തിനായി യൂരി ടൈൽമാൻസ് ഇരട്ട ഗോളുകളുമായി (11, 36 മിനിറ്റുകളിൽ) തിളങ്ങി. ഇവാൻ ടോനി (17ാം മിനിറ്റിൽ പെനാൽറ്റി), ബെല്ലിങ്ഹാം (90+5ാം മിനിറ്റിൽ) എന്നിവർ ഇംഗ്ലണ്ടിനായി ലക്ഷ്യംകണ്ടു. ബ്രസീലിനെതിരെ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് ഗരെത് സൗത്ത്ഗേറ്റ് ഇംഗ്ലണ്ടിനെ കളത്തിലിറക്കിയത്.
മത്സരത്തിൽ ബെൽജിയമാണ് ആദ്യം ലീഡെടുത്തത്. ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർഡൻ പിക്ഫോർഡിന്‍റെ പിഴവിൽനിന്നാണ് ടൈൽമാൻസ് ഗോൾ നേടിയത്. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇവാൻ ടോണി ഇംഗ്ലണ്ടിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ഇതിനിടെ ജറോഡ് ബോവൻ ക്ലോസ് റേഞ്ച് ഹെഡറിലൂടെ ഇംഗ്ലണ്ടിനായി വലകുലുക്കിയെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങി. ഇടവേളക്കു പിരിയാൻ ഒമ്പതു മിനിറ്റ് ബാക്കി നിൽക്കെ, ഇംഗ്ലണ്ടിന്‍റെ മറ്റൊരു പിഴവിൽനിന്ന് ബെൽജിയം വീണ്ടും ലീഡെടുത്തു.
ലൂയിസ് ഡങ്കിന്‍റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. റൊമേലു ലുക്കാക്കു നൽകിയ മികച്ചൊരു ക്രോസ് ഹെഡറിലൂടെ ടൈൽമാൻസ് വലയിലാക്കി. സ്കോർ 2-1. ബെൽജിയം ജയം ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ മാഡിസണിന്‍റെ അസിസ്റ്റിൽനിന്ന് ബെല്ലിങ്ഹാം ഇംഗ്ലണ്ടിനായി സമനില ഗോൾ നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.