ലോകകപ്പ് നടന്ന വർഷമായിട്ടും പ്രിമിയർ ലീഗിൽ സമാനതകളില്ലാത്ത പിരിച്ചുവിടൽ കണ്ട സീസണാണ് ഇത്തവണ. 12 കോച്ചുമാർക്കാണ് മാസങ്ങൾക്കിടെ പണി പോയത്- ലീഗിലെ റെക്കോഡ്. ഏറ്റവുമൊടുവിൽ ലെസ്റ്റർ പരിശീലകൻ ബ്രെൻഡൻ റോഡ്ജേഴ്സ്, ചെൽസിയുടെ ഗ്രഹാം പോട്ടർ എന്നിവരെ ഒറ്റ ദിവസം പറഞ്ഞുവിട്ടു. പട്ടിക ഇവിടെ തീരുമെന്ന് തോന്നുന്നില്ലെന്നാണ് പ്രിമിയർ ലീഗിലെ പുതിയ വർത്തമാനം.
‘‘എന്റെ പഴയ കാലമികവുകളുടെ പുറത്താണ് ഇപ്പോഴും ഞാനിരിക്കുന്നതെന്ന് അറിയാം. ഈ സീസണിലെ പ്രകടനം കൊണ്ടല്ല’’- എന്ന് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് പറയുന്നു.
ലിവർപൂൾ ഈ സീസണിൽ തലവെച്ചുകൊടുത്തത് സമാനതകളില്ലാത്ത വൻവീഴ്ചക്കായിരുന്നു. സ്വപ്നസമാനമായ കുതിപ്പു കണ്ട മുൻ സീസൺ കഴിഞ്ഞ് തൊട്ടുപിറകെ ഇതുപോലൊരു തളർച്ച ആരാധകർ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. ഏറ്റവുമൊടുവിലെ കണക്കുകൾ നോക്കിയാൽ ടീം അവസാനം കളിച്ച മൂന്നു കളിയും തോറ്റു. ലീഗിൽ ടീമിന്റെ സ്ഥാനം നിലവിൽ എട്ടാമതാണ്. ഇന്ന് ചെൽസിയുമായി മുഖാമുഖം നിൽക്കുമ്പോൾ എതിരാളികൾ അതിനെക്കാൾ വലിയ ദുരന്തത്തിനു മുന്നിലുള്ളവരാണെന്ന ആശ്വാസം മാത്രമാണ് ബാക്കി.
കഴിഞ്ഞ നാലു സീസണിൽ മൂന്നിലും പ്രിമിയർ ലീഗ് ചാമ്പ്യൻപട്ടത്തിന് മാഞ്ചസ്റ്റർ സിറ്റിയുമായി കടുത്ത പോരാട്ടം നടത്തിയവരാണ് ലിവർപൂൾ. 2019-20ൽ നീണ്ട മൂന്നു പതിറ്റാണ്ടിനു ശേഷം ടീം കിരീടം നേടുകയും ചെയ്തു. കഴിഞ്ഞ സീസണിലും ഒപ്പത്തിനൊപ്പം പൊരുതിയ ശേഷമായിരുന്നു ചെറിയ വ്യത്യാസത്തിൽ കിരീടനഷ്ടം.
ഇത്തവണ പക്ഷേ, ഒന്നാമതുള്ള ഗണ്ണേഴ്സുമായി നിലവിൽ 30 പോയിന്റ് പിറകിലാണ് ടീം. അവസാന മത്സരത്തിൽ സിറ്റിയോട് തോറ്റത് ഒന്നിനെതിരെ നാലു ഗോളിനും. എന്നിട്ടും കോച്ചായി തുടരാൻ കഴിയുന്ന അവസാനത്തെയാളാണ് താനെന്ന് ക്ലോപ് പറയുന്നു.
ജർമൻകാരനായ 55 കാരൻ ഏഴര വർഷമായി ലിവർപൂളിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഒറ്റയടിക്ക് പുറത്താക്കൽ എളുപ്പമല്ല. ലിവർപൂൾ ആരാധകർ കാത്തിരുന്നതൊക്കെയും സമ്മാനിച്ച കോച്ചിനൊപ്പം നിൽക്കാനാണ് ആൻഫീൽഡുകാർക്കിഷ്ടം. സ്വന്തം നാട്ടിൽ പക്ഷേ, ബയേൺ മ്യൂണിക്ക് അടുത്തിടെ സ്വന്തം കോച്ചിനെ പറഞ്ഞുവിട്ട് പകരം തോമസ് ടുഷെലിനെ നിയമിച്ചത് ക്ലോപിനറിയാം. പ്രിമിയർ ലീഗിലെ 12 പദവി നഷ്ടങ്ങളും.
ടീം സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു. പ്രതിരോധമാണ് ഏറ്റവും കൂടുതൽ പൊട്ടിനിൽക്കുന്നത്. വിർജിൽ വാൻ ഡൈക് എന്ന മാന്ത്രികൻ പഴയ പ്രതാപത്തിന്റെ നിഴലിലാണ്. ട്രെന്റ് അലക്സാണ്ടർ ആർണൾഡിനും പഴയ ഉശിരു കാട്ടാനാകുന്നില്ല.
മുൻനിരയിൽ സാദിയോ മാനെ പോയ ഒഴിവു നികത്താൻ ഡാർവിൻ നൂനസും കോഡി ഗാക്പോയും എത്തിയിട്ടുണ്ടെങ്കിലും പകരമാകുന്നില്ലെന്നതാണ് ആധി. കോച്ച് മാറിയാലും നിലവിലെ പ്രതിസന്ധി നിലനിൽക്കുമെന്ന് സാരം. അതാണ് പരിഹരിക്കപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.