പെരിന്തൽമണ്ണ: ജില്ലയിൽ ഈവർഷത്തെ ആദ്യ സെവൻസ് ആരവമായി 49ാമത് കാദറലി ഫുട്ബാൾ മേളക്ക് വർണാഭമായ തുടക്കം. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക. 21 ടീമുകളാണ് ഒരുമാസം നീളുന്ന ഫുട്ബാൾ മാമാങ്കത്തിൽ മാറ്റുരക്കുന്നത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ആദ്യദിനം ഏറ്റുമുട്ടി. 5000 സ്ഥിരം ഇരിപ്പിടങ്ങളും 4000 താൽക്കാലിക ഇരിപ്പിടങ്ങളുമായി 9,000 പേർക്ക് മത്സരം വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തവണ വിദേശ കളിക്കാർ സെവൻസ് മൈതാനത്ത് ഇറങ്ങുന്നില്ല. സെവൻസ് സീസണിലെ ഒന്നരമാസം ഇതിനകം നഷ്ടമായെങ്കിലും ശേഷിക്കുന്ന നാളുകൾ വള്ളുവനാടിന്റെ തലസ്ഥാനത്തു കാൽപന്ത് കളി പ്രേമികൾക്ക് ആഘോഷമാവും. പെരിന്തൽമണ്ണയിൽ ആധുനിക സ്റ്റേഡിയം കോംപ്ലക്സിന് തുടക്കം കുറിക്കാൻ ഇത്തവണ കാദർ അലി ക്ലബ് മുൻകൈ എടുക്കും. ടൂർണമെൻറിന്റെ വിളംബരമറിയിച്ച് പെരിന്തൽമണ്ണ ടൗണിൽ നടന്ന ഘോഷയാത്ര ശ്രദ്ധേയമായി. ക്ലബ് ഭാരവാഹികളും സ്പോർട്സ് പ്രേമികളും അണിനിരന്ന വിളംബര ജാഥ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റി നെഹ്റു സ്റ്റേഡിയത്തിൽ സമാപിച്ചു. ക്ലബ് പ്രസിഡന്റ് സി. മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, മണ്ണിൽ ഹസൻ, സി.എച്ച്. മുസ്തഫ, എച്ച്. മുഹമ്മദ് ഖാൻ, എം.കെ. കുഞ്ഞയമ്മു, ഇ.കെ. സലീം, യൂസുഫ് രാമപുരം, കുറ്റീരി മാനുപ്പ, വി.പി. നാസർ, പച്ചീരി സുബൈർ, എം. അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.
കാദറലി സെവൻസ് ഫുട്ബാൾ:
ഉദ്ഘാടന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം - 0 ലിൻ ഷാ മണ്ണാർക്കാട് - 3
തിങ്കളാഴ്ച: ഫിഫാ മഞ്ചേരി v/s കെ.ആർ.എസ് കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.