ത്രില്ലർ പോരിൽ മലപ്പുറത്തെ വീഴ്ത്തി കണ്ണൂർ സെമിയിൽ

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് സെമിയിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറം എഫ്.സിയെ 4-3ന് വീഴ്ത്തിയാണ് ഒരു റൗണ്ട് മത്സരം ബാക്കിയിരിക്കെ കണ്ണൂർ അവസാന നാലിലെത്തിയത്.

തോൽവിയോടെ മലപ്പുറം എഫ്.സിയുടെ സെമി ഫൈനൽ പ്രതീക്ഷ തുലാസിലായി. ഒമ്പത് കളികളിൽ 16 പോയന്റ് നേടിയാണ് കാലിക്കറ്റ് എഫ്.സിക്ക് പിന്നാലെ കണ്ണൂരും സെമിയുറപ്പിച്ചത്. ഒമ്പത് പോയന്റോടെ അഞ്ചാമതാണ് മലപ്പുറം. പയ്യനാട്ട് നവംബർ ഒന്നിന് നടക്കുന്ന കളിയിൽ നിലവിലെ നാലാം സ്ഥാനക്കാരായ തിരുവനന്തപുരം കൊമ്പൻസിനെ (12) തോൽപിച്ച് ഗോൾ ശരാശരിയിലും മറികടന്നാലേ മലപ്പുറത്തിന് സെമിയിലെത്താനാവൂ. മൂന്നാം മിനിറ്റിൽതന്നെ മത്സരത്തിൽ കണ്ണൂർ ലീഡ് പിടിച്ചു. വലതു വിങ്ങിലൂടെ പന്തുമായി ശരവേഗമെത്തിയ വാരിയേഴ്സിന്റെ മുഹമ്മദ് റിഷാദ് ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് സ്പാനിഷ് താരം എയ്സർ ഗോമസ് മലപ്പുറം ഗോൾകീപ്പർ മുഹമ്മദ് സിനാന് പിടിനൽകാതെ വലയിലാക്കി.

എട്ടാം മിനിറ്റിൽ മധ്യഭാഗത്തുനിന്ന് ലഭിച്ച പന്തുമായി വാരിയേഴ്സിന്റെ മിഡ്ഫീൽഡർ പ്രഗ്യാൻ ആടിയും ഉലഞ്ഞുമുള്ള നീക്കങ്ങളിലൂടെ ഗോൾ പോസ്റ്റിനരികിലെത്തി വലയിലാക്കിയതോടെ 2 -0. 28ാം മിനിറ്റിൽ ഫസലുറഹ്മാനിലൂടെ മലപ്പുറം ഒരു ഗോൾ മടക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ എയ്റ്റർ എടുത്ത ഫൗൾ കിക്ക് ഗോളിയെ മറികടന്ന് വലയിൽ.

49ാം മിനിറ്റിൽ കണ്ണൂരിന്റെ സ്പാനിഷ് താരം സാർഡിനീറോ ടീമിനെ മുന്നിലെത്തിച്ചു. താരത്തിന്‍റെ ടൂർണമെന്‍റിലെ നാലാമത്തെ ഗോളാണിത്. 53ാം മിനിറ്റിൽ ബർബോസയിലൂടെ മലപ്പുറം വീണ്ടും ഒപ്പമെത്തി. എന്നാൽ, 79ാം മിനിറ്റിൽ കണ്ണൂരിന്റെ ആൽവറസ് കൊടുത്ത പാസ് ബോക്സിനുള്ളിൽ വെച്ച് അലിസ്റ്റർ അന്തോണി ഗോളാക്കി ടീമിന് ജയം ഉറപ്പിച്ചു. ചൊവ്വാഴ്ച ഫോഴ്‌സ കൊച്ചി, തൃശൂർ മാജിക് എഫ്.സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

Tags:    
News Summary - Kannur defeated Malappuram to reach semi-finals of Super League Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.