പാരിസ്: ഫ്രഞ്ച് ഫുട്ബാളിൽ കോളിളക്കം സൃഷ്ടിച്ച സെക്സ് ടേപ്പ് ബ്ലാക്ക്മെയിൽ കേസിൽ റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം ബെൻസേമ കുറ്റക്കാരനെന്ന് കോടതി. ഒരു വർഷത്തെ സസ്പെൻഡഡ് തടവും 75,000 യൂറോ പിഴയുമാണ് ജഡ്ജ് വിധിച്ചത്.
ദേശീയ ടീമിലെ സഹതാരം മാത്യു വാൽബുവേനയെ ബ്ലാക്ക്മെയിൽ ചെയ്യാൻ പുറത്തുവിട്ട സെക്സ് ടേപ്പിനു പിന്നിൽ ബെൻസേമക്കും പങ്കുണ്ടെന്നായിരുന്നു ആരോപണം. 2015ൽ ഫ്രഞ്ച് ദേശീയ ടീമിന്‍റെ പരിശീലന ക്യാമ്പിനിടെയാണ് കേസിനാസ്പദമായ സംഭവം. വിവാദം ഫ്രഞ്ച് ഫുട്ബാളിനെ പിടിച്ചുകുലുക്കി. പിന്നാലെ ഇരുവരെയും ദേശീയ ടീമിൽനിന്ന് പുറത്താക്കി.
ക്യാമ്പിൽവെച്ച് വാൽബുവേനയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ചിലർ താരത്തെ ഭീഷണിപ്പെടുത്തുകയും ഇവർക്ക് പണം നൽകാൻ ബെൻസേമ നിർബന്ധിച്ചെന്നുമാണ് കേസ്. ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനുള്ള പദ്ധതിയിൽ ബെൻസേമക്കും പങ്കുണ്ടെന്നായിരുന്നു ആരോപണം.
കുറ്റകൃത്യത്തിൽ ബെൻസേമക്ക് വ്യക്തിപരാമായി പങ്കുള്ളതായി കോടതി പറഞ്ഞു. ബെൻസേമക്കൊപ്പം കുറ്റക്കാരനെന്ന് കണ്ടെത്തിയ നാലുപേരെയും കോടതി ശിക്ഷിച്ചു. സസ്പെൻഡഡ് തടവുശിക്ഷ ആയതിനാൽ ബെൻസേമ ജയിലിൽ കിടക്കേണ്ട.
തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രശ്നം പരിഹരിക്കാൻ വാൽബുവേനയെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് തുടക്കംമുതലേ ബെൻസേമയുടെ നിലപാട്. വിവാദത്തിനു പിന്നാലെ ടീമിൽനിന്ന് പുറത്തുപോയ ബെൻസേമ, ആറുവർഷത്തിനുശേഷം അടുത്തിടെയാണ് ദേശീയ ടീമിൽ തിരിച്ചെത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ബെൻസേമയുടെ അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.