ജിദ്ദ: ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ അൽ ഇത്തിഹാദ് ക്ലബുമായി കരാർ ഒപ്പുവെച്ചു. ചൊവ്വാഴ്ച മാഡ്രിഡിൽ വെച്ച് നടന്ന ചടങ്ങിൽ അൽ ഇത്തിഹാദ് ക്ലബ് പ്രസിഡന്റ് അൻമർ അൽ ഹൈലേ, വൈസ് പ്രസിഡന്റ് അഹമ്മദ് കാക്കി എന്നിവരുമായി ബെൻസെമ മൂന്ന് വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. അൽ ഇത്തിഹാദിന്റെ ഒദ്യോഗിക ട്വിറ്റർ പേജിൽ ചടങ്ങിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
14 വർഷത്തോളമായി മൊത്തം 647 മത്സരങ്ങളില്‍ റയൽ മാഡ്രിഡിന് വേണ്ടി ബൂട്ടണിഞ്ഞതിന് ശേഷമാണ് കരീം ബെൻസെമയുടെ വിരമിക്കൽ. അഞ്ച് വീതം ചാമ്പ്യന്‍സ് ലീഗ്, നാല് ലാ ലിഗ, മൂന്ന് കോപ്പ ഡെൽ റേ, അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ റയൽ മാഡ്രിഡിന് വേണ്ടി 25 വിജയ കിരീടങ്ങൾ നേടിയ ഫുട്ബാളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ബെൻസെമ. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ ക്ലബ്ബിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗോൾ സ്‌കോറർ.
അൽ ഇത്തിഹാദ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കൈമാറ്റമാണ് ബെൻസിമയുടെ വരവ്.
ഇതുവരെയുള്ള ഏറ്റവും വലിയ സീസണിന് ശേഷം ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളിന്റെ മുൻനിര ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറാനുള്ള സൗദി പ്രോ ലീഗിന്റെ യാത്രയിലെ മറ്റൊരു വലിയ ചുവടുവെപ്പായും ഇത് അടയാളപ്പെടുത്തുന്നു.
"നിങ്ങളെയെല്ലാം ജിദ്ദയിൽ കാണുന്നതിൽ എനിക്ക് ആവേശമുണ്ട്. എന്റെ പുതിയ ടീമംഗങ്ങൾക്കൊപ്പം ചേരാൻ ഞാൻ ആഗ്രഹിക്കുന്നു. അവരോടൊപ്പം സൗദി അറേബ്യയിലെ അത്ഭുതകരമായ ക്ലബ്ബിനെയും ഗെയിമിനെയും പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു." - അൽ ഇത്തിഹാദ് ആരാധകർക്ക് അയച്ച വീഡിയോ സന്ദേശത്തിൽ ബെൻസെമ പറഞ്ഞു. “എന്റെ കരിയറിൽ അതിശയകരമായ കാര്യങ്ങൾ നേടാനും സ്പെയിനിലും യൂറോപ്പിലും എനിക്ക് കഴിയുന്നതെല്ലാം നേടാനും ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാൽ ഒരു പുതിയ വെല്ലുവിളിക്കും പ്രൊജക്‌റ്റിനും സമയമായെന്ന് ഇപ്പോൾ തോന്നുന്നു. ഞാൻ സൗദി അറേബ്യ സന്ദർശിക്കുമ്പോഴെല്ലാം ആരാധകരിൽ നിന്നും ആളുകളിൽ നിന്നും ഊഷ്മളതയും സ്നേഹവും എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.