സ്പാനിഷ് ഫുട്ബാളിലെ വമ്പന്മാരായ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമനായ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസേമ ക്ലബ് വിടുന്നു. 14 വർഷത്തെ ക്ലബുമായുള്ള ബന്ധം 35കാരൻ അവസാനിപ്പിക്കുന്ന വിവരം റയൽ മാഡ്രിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
‘ഒരു കളിക്കാരനെന്ന നിലയിൽ ക്യാപ്റ്റൻ കരിം ബെൻസേമയും റയൽ മാഡ്രിഡും അദ്ദേഹത്തിന്റെ ഉജ്വലവും അവിസ്മരണീയവുമായ യുഗത്തിന് വിരാമമിടാൻ സമ്മതിച്ചു. ഞങ്ങളുടെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളായ അദ്ദേഹത്തോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കാൻ മാഡ്രിഡ് ആഗ്രഹിക്കുന്നു’, ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. ബെൻസേമ സൗദി അറേബ്യയിലേക്ക് കൂടുമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
2009ലാണ് ഫ്രഞ്ച് ക്ലബ് ലിയോണിൽനിന്ന് ബെൻസേമ റയലിൽ എത്തിയത്. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടം അടക്കം 24 ട്രോഫികളിൽ താരം പങ്കാളിയായി. ക്ലബിനായി 450 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നിൽ 353 ഗോളുമായി രണ്ടാമതാണ് ബെൻസേമ.
ക്രിസ്റ്റ്യാനോ റോണോൾഡോക്ക് പിന്നാലെ ബെൻസേമയെകൂടി സൗദിയിലെത്തിക്കാൻ സർക്കാറിന്റെ നേതൃത്വത്തിൽ ജനുവരിയിൽ തന്നെ ശ്രമം നടന്നിരുന്നു. 400 മില്യൺ യൂറോയാണ് 2022ലെ ബാലൺ ഡി ഓർ ജേതാവിന് രണ്ടു വർഷത്തേക്കുള്ള ഓഫർ. സൗദിയിലെ ഏതെങ്കിലും പ്രധാന ക്ലബ് താരത്തിന് തെരഞ്ഞെടുക്കാം. സൗദിയുടെ ലോകകപ്പ് ബിഡിന്റെ അംബാസഡറും ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.