ഹാട്രിക് ബെൻസേമ; റെക്കോഡ്; അൽ മേരിയയെ വീഴ്ത്തി റയൽ മഡ്രിഡ് (4-2)

സൂപ്പർതാരം കരീം ബെൻസേമയുടെ ഹാട്രിക് കരുത്തിൽ ലാ ലിഗയിൽ റയൽ മഡ്രിഡിന് തകർപ്പൻ ജയം. അൽ മേരിയയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്.

ഏപ്രിലിൽ ബെൻസേമ നേടുന്ന മൂന്നാം ഹാട്രിക്കാണിത്. നേരത്തെ ബാഴ്സലോണ, റയൽ വല്ലാഡോലിഡ് ടീമുകൾക്കെതിരെയും ഹാട്രിക്ക് നേടിയിരുന്നു. ഇതോടെ ലാ ലിഗ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നാലാമത്തെ താരമെന്ന നേട്ടം ബെൻസേമ സ്വന്തമാക്കി. ഹ്യൂഗോ സാഞ്ചസിനെയാണ് താരം മറികടന്നത്.

മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽതന്നെ ബെൻസേമ ഗോളടി തുടങ്ങി. ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറാണ് ഗോളിന് വഴിയൊരുക്കിയത്. 13ാം മിനിറ്റിൽ റോഡ്രിഗോയുടെ അസിസ്റ്റിലൂടെ ബെൻസേമ ലീഡ് ഉയർത്തി. 42ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് താരം ഹാട്രിക് തികച്ചത്. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ ബ്രസീൽ താരം ലാസരോ മാർക്വെസിലൂടെ അൽ മേരിയ ഒരു ഗോൾ മടക്കി. 61ാം മിനിറ്റിൽ അർജന്‍റൈൻ താരം ലൂകാസ് റോബർട്ടോൺ അൽ മേരിയയുടെ രണ്ടാം ഗോൾ നേടി.

മെയ് ഒമ്പതിന് യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെയാണ് കാർലോ ആഞ്ചലോട്ടിയും സംഘവും വിജയ വഴിയിൽ തിരിച്ചെത്തിയത്. ലീഗിലെ മറ്റൊരു മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകൾക്ക് റയൽ ബെറ്റിസിനെ കീഴടക്കിയതിനാൽ രണ്ടാം സ്ഥാനത്തുള്ള റയലിന്‍റെ ലീഡ് വ്യത്യാസം 11 ആയി തന്നെ തുടരും. 32 മത്സരങ്ങളിൽനിന്നായി 68 പോയന്‍റ്.

ബാഴ്സലോണക്ക് ഇത്രയും മത്സരങ്ങളിൽനിന്നായി 79 പോയന്‍റും. ലാ ലിഗയുടെ ചരിത്രത്തിൽ 474 ഗോളുകളുമായി അർജന്‍റൈൻ സൂപ്പർതാരം ലയണൽ മെസ്സിയാണ് ഗോൾവേട്ടക്കാരിൽ ഒന്നാമത്. ക്രിസ്റ്റ്യാനോ റൊണാൾഡോ (311 ഗോളുകൾ), ടെൽമോ സാറ (252) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Tags:    
News Summary - Karim Benzema's hat-trick, Real Madrid beat Almeria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.