കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കൽ സ്റ്റാറേ, പ്രീതം കോട്ടാൽ എന്നിവർ കൊച്ചിയിൽ മാധ്യമപ്രവർത്തകരെ കാണുന്നു –ബൈജു കൊടുവള്ളി
കൊച്ചി: തിരുവോണനാളിൽ ഐ.എസ്.എല്ലിന്റെ പുതിയ സീസണിലെ ആദ്യ കളി നടക്കുമ്പോൾ തിരിച്ചുവരവിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഞായറാഴ്ച വൈകീട്ട് 7.30ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിയുമായാണ് ടീമിന്റെ അരങ്ങേറ്റ മത്സരം. ആദ്യ ജയത്തിനായുള്ള പരിശീലനവും തയാറെടുപ്പുകളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കൽ സ്റ്റാറേ മാച്ചിനു മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഈ സീസണിലെ ആദ്യ മത്സരമായതിനാലും തിരുവോണത്തിന്റെ അവധിയായതിനാലും കൂടുതൽപേർ എത്തുമെന്നാണ് പ്രതീക്ഷ. സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐ.എസ്.എൽ സീസണാണ് ഇത്. സൂപ്പർതാരം അഡ്രിയാൻ ലൂണ തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ നായകൻ.
നൽകും 100 ശതമാനം -കോച്ച്
തന്റെ പരിശീലനത്തിലുള്ള ആദ്യ ലീഗിലെ മത്സരങ്ങളിലെല്ലാം കളിക്കാർ തങ്ങളുടെ 100 ശതമാനവും അതിനപ്പുറവുമുള്ള പ്രകടനം കാഴ്ചവെക്കുമെന്ന് കോച്ച് മൈക്കൽ സ്റ്റാറേ. പ്രീ മാച്ച് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ വർഷങ്ങളെക്കാൾ ടീം കൂടുതൽ തയാറെടുപ്പുകൾ നടത്തിയതിന്റെ ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
തായ്ലൻഡിൽ നടന്ന ആദ്യ പരിശീലന ക്യാമ്പ് മുതൽ ടീം വലിയ ഊർജത്തോടെയും ആവേശത്തോടെയുമാണ് ഒരുക്കം നടത്തിയത്. പുതുതായി എത്തിയ യുവതാരങ്ങൾക്ക് ടീമുമായി ഇഴുകിച്ചേരാൻ കൂടുതൽ സമയം വേണ്ടിവരുന്നു. എന്നാൽ, കൂടുതൽ കളിക്കണമെന്നും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കണമെന്നുമുള്ള ആഗ്രഹവും അവർക്കുണ്ടെന്ന് സ്റ്റാറേ കൂട്ടിച്ചേർത്തു.
ഫോക്കസ് കളിയിൽ മാത്രം -പ്രീതം കോട്ടാൽ
ചുറ്റും പല വാർത്തകളും കേൾക്കുമെങ്കിലും തന്റെ ജോലി കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് മാത്രമാണെന്ന് ബ്ലാസ്റ്റേഴ്സ് താരം പ്രീതം കോട്ടാൽ.
ട്രാൻസ്ഫർ വിപണിയിൽ കോട്ടാലിന്റെ പേരും ഉയർന്നുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. തനിക്ക് കൂടുതൽ സ്വയം മെച്ചപ്പെടേണ്ടതുണ്ടെന്നും അതിനപ്പുറം മറ്റൊന്നും നോക്കുന്നില്ലെന്നും പ്രതിരോധ നിരയിൽ കളിക്കുന്ന പ്രീതം കോട്ടാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.