ഐ.എസ്​.എൽ: ബ്ലാസ്​റ്റേഴ്​സിന്​ വീണ്ടും സമനിലപ്പൂട്ട്​

വാസ്​കോ: ഐ.എസ്​.എല്ലിൽ തുടർ വിജയങ്ങളുമായി ആത്​മവിശ്വാസത്തിന്‍റെ ഉന്നതിയിലായിരുന്ന കേരള ബ്ലാസ്​റ്റേഴ്​സിനെ താഴോട്ടിറക്കി തുടർച്ചയായ രണ്ടാം സമനില. ജയിച്ചാൽ മുൻനിരയിലെത്താമായിരുന്ന കളിയിൽ എഫ്​.സി ഗോവയോടാണ്​ ബ്ലാസ്​റ്റേഴ്​സ്​ 2-2ന്​ സമനിലയിൽ കുടുങ്ങിയത്​. പ്രതീക്ഷിച്ച ജയം നേടാനായില്ലെങ്കിലും തോൽക്കാതെ ഒരു പോയന്‍റ്​ സ്വന്തമാക്കിയെന്ന്​ ഇവാൻ വുകോമാനോവിചിന്​ ആശ്വസിക്കാം.

നാലു ഗോളുകളും പിറവിയെടുത്തത്​ ആദ്യ പകുതിയിലാണ്​. 20 മിനിറ്റാവുമ്പോ​ഴേക്കും രണ്ടു ഗോൾ ലീഡ്​ നേടിയ കേരളത്തെ അടുത്ത 20 മിനിറ്റിൽ രണ്ടു ഗോളുകളുമായി ഗോവ ഞെട്ടിച്ചു. പത്താം മിനിറ്റിൽ അഡ്രിയാൻ ലൂനയുടെ കോർണർ കിക്കിൽ കൃത്യമായി തല വെച്ച്​ ജീക്സൺ സിങ്ങാണ്​ മഞ്ഞപ്പടയെ മുന്നിലെത്തിച്ചത്​. പത്ത്​ മിനിറ്റ്​ കൂടി കഴിഞ്ഞപ്പോൾ ലൂനയുടെ അത്ഭുത ഗോളിൽ ബ്ലാസ്​റ്റേഴ്​സ്​ ലീഡ്​ ഇരട്ടിയാക്കി.

ഇടതുവശത്ത്​ അൽവാരോ വാസ്ക്വസിൽനിന്ന്​ ലൂന പന്ത്​ സ്വീകരിക്കുമ്പോൾ എതിർ ഡിഫൻസിനോ ഗോളിക്കോ അപകടമൊന്നും മണക്കാനായില്ല. എന്നാൽ, ഏറെ ദൂരത്തുനിന്ന്​ ഉറുഗ്വായ്​ പ്ലേമേക്കർ തൊടുത്ത ഷോട്ട്​ മുൻ ബ്ലാസ്​റ്റേഴ്​സ്​ ഗോളി ധീരജ്​ സിങ്ങിന്​ അവസരം നൽകാതെ വലയിൽ മുത്തമിട്ടു. മൂന്നു ഗോൾ വ്യത്യാസത്തിൽ ജയിച്ചാൽ മുംബൈ സിറ്റിയെ മറികടന്ന്​ മുന്നിലെത്താമായിരുന്ന ബ്ലാസ്​റ്റേഴ്​സ്​ 20 മിനിറ്റിനകം രണ്ടടിച്ചതോടെ പ്രതീക്ഷ വാനോളമായിരുന്നു.

എന്നാൽ, ഗോവയുടെ മനസ്സിൽ വേറെ ചിലതായിരുന്നു. 24ാം മിനിറ്റിൽ ജോർജ്​ ഓർട്ടിസിന്‍റെ ഗോളിൽ ഡെറിക്​ പെരേരയുടെ ടീം തിരിച്ചടിച്ചു. ഇടതുവിങ്ങിൽനിന്നുള്ള ക്രോസ്​ വിദ​ഗ്​ധമായി കാലിലൊതുക്കിയ ഓർട്ടിസിന്‍റെ ശ്രമം ഡൈവ്​ ചെയ്ത ബ്ലാസ്​റ്റേഴ്​സ്​ ഗോളി പ്രഭ്​സുഖൻ സിങ്ങിന്‍റെ കൈയിൽ തട്ടിയെങ്കിലും വലയിൽ കയറുന്നത്​ തടയാനായില്ല. 38ാം മിനിറ്റിൽ മറ്റൊരു വിദേശതാരം എഡു ബേഡിയയുടെ ഒളിമ്പിക്​ ഗോളിലാണ്​ ഗോവ ഒപ്പംപിടിച്ചത്​. കോർണർകിക്കിൽനിന്ന്​ ബേഡിയയുടെ ഇടങ്കാലൻ മഴവിൽ​ ഷോട്ട്​ വലയിലേക്ക്​ നേരിട്ട്​ വളഞ്ഞിറങ്ങുകയായിരുന്നു. ​

ബ്ലാസ്​റ്റേഴ്​സ്​ നിരയിൽ സ്​​റ്റോപ്പർ ബാക്ക്​ ഹോർമിപാം റുയ്​വയുടെ സ്ഥാനത്ത്​ മലയാളി താരം ബിജോയ്​ വർഗീസാണ്​ കളിച്ചത്​. ഗോവയുടെ ആദ്യ ഇലവനിൽ കോഴിക്കോട്ടുകാരൻ മുഹമ്മദ്​ നെമിൽ ഇടംപിടിച്ചു.

Tags:    
News Summary - Kerala Blasters and FC Goa secure point after match finishes 2-2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.