മഡ്ഗാവ്: നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിക്കെതിരെ ബൂട്ടുകെട്ടിയിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ടീമും കോച്ച് ഇവാൻ വുകമാനോവിച്ചും ആത്മവിശ്വാസത്തിലായിരുന്നെങ്കിലും ആരാധകർ അങ്ങനെയായിരുന്നില്ല. സീസണിൽ ഭേദപ്പെട്ട കളിയാണ് ടീം പുറത്തെടുത്തുകൊണ്ടിരിക്കുന്നതെങ്കിലും മിക്ക കളിയിലും ഫലത്തിൽ അത് കാണാനുണ്ടായിരുന്നില്ല. അഞ്ചിൽ ജയിച്ചത് ഒഡിഷക്കെതിരായ കളി മാത്രം. തോറ്റതും ഒരു മത്സരം മാത്രമായിരുന്നെങ്കിലും ജയിക്കാമായിരുന്ന കളിയിലടക്കം സമനില വഴങ്ങി. അഞ്ചു മത്സരങ്ങളിൽ വഴങ്ങിയത് ഏഴു ഗോൾ മാത്രമാണെങ്കിലും അടിച്ചത് അതിലും കുറവ്- ആറെണ്ണം. മറുവശത്ത് മുംബൈയാവട്ടെ നേടിയത് ആറിൽ അഞ്ചു ജയം. അടിച്ചുകൂട്ടിയത് 17 ഗോളും.
എന്നാൽ, ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് അതെല്ലാം വെറും കടലാസിലെ കണക്കുകൾ മാത്രമാക്കി. അടങ്ങാത്ത വിജയദാഹത്തോടെ പന്തുതട്ടിയ മഞ്ഞപ്പട സീസണിലാദ്യമായി മൂന്നു ഗോൾ നേടിയെന്നു മാത്രമല്ല, കരുത്തരായ മുംബൈയെ ഒരു ഗോൾ പോലും നേടാൻ അനുവദിച്ചതുമില്ല. ഗോൾ വഴങ്ങാത്തതു മാത്രമല്ല, ഗോൾമണമുള്ള അധികം ഷോട്ടുകൾ തൊടുക്കാൻ മുംബൈ മുൻനിരയെ ബ്ലാസ്റ്റേഴ്സ് ഡിഫൻസ് സമ്മതിച്ചില്ല എന്നുപറയുന്നതാവും ശരി. മൂന്നു ഷോട്ടുകൾ മാത്രമാണ് മുംബൈയുടെ വക ഓൺ ടാർഗറ്റുണ്ടായിരുന്നത്. അതിലൊന്നുപോലും ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിങ്ങിന് ഭീഷണിയുയർത്തിയുമില്ല.
എനെസ് സിപോവിച്ചിന് പരിക്കേറ്റതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധമധ്യത്തിലെ ബോസ്നിയൻ-ക്രോട്ട് ജോടിക്ക് വിള്ളലേറ്റെങ്കിലും കൂടുതൽ ഉത്തരവാദിത്തമേറ്റെടുത്ത മാർകോ ലെസ്കോവിച്ചിെൻറ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന് കരുത്തായത്. ഒപ്പം ഐ.എസ്.എല്ലിൽ അരങ്ങേറ്റംകുറിച്ച ഹോർമിപാം റുയ്വയുടെ പിഴവില്ലാത്ത പ്രതിരോധവുമായതോടെ സിപോവിച്ചിെൻറ അഭാവം ടീം അറിഞ്ഞതേയില്ല. കൂടുതൽ പരിചയസമ്പത്തുള്ള അബ്ദുൽ ഹക്കുവും സന്ദീപ് സിങ്ങുമുണ്ടായിരിക്കെ ഹോർമിപാമിൽ കോച്ച് അർപ്പിച്ച വിശ്വാസം മണിപ്പൂർ താരം കളഞ്ഞുകുളിച്ചതുമില്ല.
ഇന്ത്യൻ ആരോസ്, പഞ്ചാബ് എഫ്.സി വഴി ഈ സീസണിലാണ് 20കാരൻ ബ്ലാസ്റ്റേഴ്സിലെത്തിയത്. വിങ്ങുകളിൽ നായകൻ ജെസൽ കെർണയ്റോയും ഹർമൻജോത് ഖബ്രയും കോട്ട കെട്ടുകയുംകൂടി ചെയ്തതോടെ മുംബൈയുടെ അതിവേഗക്കാരായ ബിപിൻ സിങ്-ഇഗോർ ആൻഗുലോ-വിക്രം സിങ് ത്രയത്തിന് കാര്യമായൊന്നും ചെയ്യാനായില്ല.
സിപോവിച്ചിെൻറ പരിക്ക് ടീമിന് ഉർവശീശാപം ഉപകാരമായതുപോലെയായിരുന്നു മുംബൈക്കെതിരെ. സിപോവിച്ചിെൻറ ഒഴിവിലുള്ള വിദേശതാരമായി മുൻനിരയിൽ ഹോർഹെ പെരീറ ഡയസിന് ആദ്യ ഇലവനിലിറങ്ങാനായി. എ.ടി.കെക്കെതിരായ ആദ്യ കളിക്കുശേഷം ഡയസും അൽവാരോ വാസ്ക്വസും ഒരുമിച്ച് ആദ്യ ഇലവനിൽ ഇടംപിടിക്കുന്നത് ആദ്യമായിരുന്നു.
ഇരുവർക്കും മുൻനിരയിൽ തുടക്കം മുതൽ ഒരുമിച്ചുകളിക്കാനായത് ടീമിന് ഏറെ ഗുണംചെയ്തു. മൂന്നു ഗോളുകൾക്കും ഇവരുടെ ടച്ച് ഉണ്ടായിരുന്നു. വാസ്ക്വസിെൻറ ഗോൾ മനോഹരമായ വോളിയിൽനിന്നായിരുന്നുവെങ്കിൽ തന്നെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഡയസിെൻറ പാസിൽനിന്നായിരുന്നു സഹലിെൻറ ഗോളും. ടീമിെൻറ എൻജിനായ അഡ്രിയൻ ലൂന മുംബൈക്കെതിരെ ഒട്ടൊന്ന് നിറംമങ്ങിയെങ്കിലും ഡിഫൻസിവ് മിഡ്ഫീൽഡിൽ ജീക്സൺ സിങ്ങും പുയിറ്റയും തങ്ങളുടെ റോളുകൾ ഭംഗിയായി നിറവേറ്റി. വാസ്ക്വസിെൻറ ഗോളിന് അസിസ്റ്റ് നൽകാനും ജീക്സണിനായി.
തോൽക്കുകയും സമനില വഴങ്ങുകയും ചെയ്യുന്ന അധിക കളികളിലും പന്തടക്കത്തിലും ഗോളവസരം സൃഷ്ടിക്കുന്നതിലും മുൻതൂക്കം നേടിയിട്ടും ഗോളടിക്കാനാവാത്തതായിരുന്നു മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്സിെൻറ പ്രധാന പ്രശ്നം. ഇത്തവണയും അത് പൂർണമായും മറികടന്നു എന്ന് പറയാറായിട്ടുമില്ല. അതിനു തെളിവായിരുന്നു ഒഡിഷക്കെതിരായ ജയത്തിനുശേഷം ഈസ്റ്റ് ബംഗാളിനെതിരായ സമനില. മുംബൈക്കെതിരായ തകർപ്പൻ ജയത്തിനുശേഷം ബുധനാഴ്ച ചെന്നൈയിനെതിരെയിറങ്ങുമ്പോൾ അത് ആവർത്തിക്കാതിരുന്നാൽ ബ്ലാസ്റ്റേഴ്സിന് സീസണിൽ ഏറെ മുന്നേറാം.
മഡ്ഗാവ്: കളിക്കാരുടെ വിജയദാഹത്തിനും അർപ്പണബോധത്തിനുമുള്ള സമ്മാനമാണ് ചാമ്പ്യന്മാരായ മുംബൈ സിറ്റിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിെൻറ ആധികാരിക ജയമെന്ന് കോച്ച് ഇവാൻ വുകമാനോവിച്. ടീമിെൻറ പ്രകടനത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും പറഞ്ഞ പരിശീലകൻ തുടർ മത്സരങ്ങളിലും വിജയം തുടരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി കൂട്ടിച്ചേർത്തു. മലയാളി താരം സഹൽ അബ്ദുസ്സമദിെൻറ പ്രകടനത്തെ വുകമാനോവിച് പ്രശംസിച്ചു.
'ഏറെ കഠിനാധ്വാനമാണ് സഹൽ പരിശീലനത്തിൽ കാഴ്ചവെക്കുന്നത്. മികച്ച കളിക്കാരനാണ് അവൻ. ഇനിയും മെച്ചപ്പെടാനുമാവും. സഹൽ കൂടുതൽ സ്കോർ ചെയ്യുന്നതും അസിസ്റ്റ് ചെയ്യുന്നതും നിങ്ങൾക്ക് കാണാം' -സെർബിയക്കാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.